പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പോലീസ് DGP
- 23/12/2016

പോലീസുകാരുടെ എണ്ണം കൂട്ടാൻ ഡിജിപിയുടെ ഉത്തരവ് കണ്ണൂർ: സംസ്‌ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ ഒഴിവുകൾ നികത്താൻ ഡിജിപി ഉത്തരവ് നൽകി. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിലൂടെയാണ് ജില്ലാ പോലീസ് മേധാവികൾക്ക് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവ് നൽകിയത്. എല്ലാ പോലീസ് സ്റ്റേഷനിലുമുള്ള പോലീസുകാരുടെ എണ്ണം കൂട്ടണമെന്നും ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തണമെന്നും ഇതിനായി ജില്ലാ പോലീസ് ആസ്‌ഥാനത്തുനിന്നു പോലീസുകാരെ ഉടൻ നിയമിക്കണമെന്നും ഉത്തരവിലുണ്ട്. ജനുവരി ഒന്നുമുതൽ എല്ലാ സ്റ്റേഷനുകളുടെയും അംഗബലം കൂട്ടി റിപ്പോർട്ട് നൽകാൻ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. വർധിക്കുന്ന കുറ്റകൃത്യങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ മാവോവാദി ഭീഷണി തുടങ്ങിയവയെല്ലാം കണക്കിലെടുത്താണു ഡിജിപിയുടെ ഉത്തരവ്. സംസ്‌ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആയിരത്തോളം പോലീസുകാരുടെ കുറവുണ്ടെന്നാണു കണക്ക്. പോലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിനു പോലീസുകാർ ഇല്ലാത്തതിനാൽ പൊതുജനങ്ങൾക്കു വലിയ പ്രയാസമാണുണ്ടാകുന്നത്. ഗതാഗത സ്തംഭനം, സുരക്ഷ, കുറ്റകൃത്യങ്ങൾ, ക്രമസമാധാനം തുടങ്ങി ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളിൽ പോലീസിന്റെ സാന്നിധ്യം അത്യാവശ്യമാണെന്നിരിക്കെ അംഗപരിമിതി മൂലം പലപ്പോഴും വലിയ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പോലീസുകാരുടെ എണ്ണക്കുറവ് മൂലം ഉദ്ദേശിച്ച സമയത്തിനുള്ളിൽ റിപ്പോർട്ടുകളും മറ്റും ഹാജരാക്കുന്നതിനും കാലതാമസം നേരിടുകയാണ്. സംസ്‌ഥാനത്ത് നിലവിൽ 510 പോലീസ് സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനുകളിൽ 30,242 പോലീസുകാരും എആർ ക്യാമ്പിൽ 50,987 പേരും സായുധ പോലീസിൽ 9,900 പേരും മിനിസ്റ്റീരിയൽ വിഭാഗത്തിൽ 23,000പേരും 2630 ഡ്രൈവർമാരുമുണ്ട്. ഓഫീസുകളിൽ 2,577 പോലീസുകാരും വനിതാ പോലീസിൽ 3,383 പോലീസുകാരുമാണുള്ളത്. എആർ ക്യാമ്പിൽനിന്നാണ് ഒഴിവുള്ള പോലീസ് സ്റ്റേഷനുകളിലേക്കു പോലീസുകാരെ നിയോഗിക്കുന്നത്. എആർ ക്യാമ്പിലേക്കു കെഎപി ബറ്റാലിയനിൽനിന്നാണ് നിയമനം നടക്കുന്നത്. കെഎപി ഒന്ന്, രണ്ട്, മൂന്ന്, നാല് ബറ്റാലിയനുകളിൽ ഒഴിവുവരുന്ന വിവരം സർക്കാരിനെ അറിയിക്കുകയും പിന്നീടു പിഎസ്സി വഴി നിയമനം നടത്തുകയുമാണു പതിവ്. റിട്ടയർമെന്റിന്റെയും പ്രൊമോഷന്റെയും അടിസ്‌ഥാനത്തിലാണ് ഒഴിവുകൾ വരുന്നത്