കസ്റ്റഡിമർദനം;പരാതികൾ വർധിച്ചെന്നു പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി
- 23/12/2016

കസ്റ്റഡി മർദനം; പരാതികൾ വർധിച്ചെന്നു പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി കൊച്ചി: രണ്ടു മാസത്തിനിടെ പോലീസ് മർദനവുമായി ബന്ധപ്പെട്ട പരാതികൾ കൂടിയതായി പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് കെ.നാരായണക്കുറുപ്പ്. എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിനു ശേഷമാണു ചെയർമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പോലീസിന്റെ അധികാര ദുർവിനിയോഗമാണു പരാതികളുടെ എണ്ണം വർധിക്കാൻ കാരണം. ആരെ, എന്തിനു കസ്റ്റഡിയിൽ എടുക്കുന്നുവെന്നുപോലും അറിയാതെയാണു പലരെയും പിടികൂടുന്നത്. അഥോറിറ്റിയുടെ മുന്നിലത്തെുന്ന കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട പരാതികളിൽ ഒത്തുതീർപ്പിനു തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മർദനം മനുഷ്യാവകാശ ലംഘനമാണെന്നു സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട കേസുകളിൽ മേലുദ്യോഗസ്ഥർക്കുമേലും ബാധ്യത ചുമത്തണമെന്നും ജസ്റ്റീസ് നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു. കുറ്റ്യാടിയിൽ സുഹൃത്തായ പെൺകുട്ടിക്കൊപ്പം ഡ്രൈവിംഗ് പഠിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ആതിരയെന്ന യുവതി ആത്മഹത്യ ചെയ്യാൻ, അവർക്കു നേരെ പോലിസിൽനിന്നുണ്ടായ അസഭ്യവർഷംകൂടി കാരണമാണെന്നു ജസ്റ്റീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പരാതിയിൽ നാദാപുരം ഡിവൈഎസ്പിയെ തങ്ങൾ വിളിച്ചു വരുത്തിയിരുന്നു. കുട്ടിക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതായാണു ഡിവൈഎസ്പി പറഞ്ഞത്. അത്തരം പ്രവണതയുള്ളവരാണെങ്കിൽ പോലും ഒരു പ്രേരണയില്ലാതെ ആത്മഹത്യക്കു മുതിരില്ല. അതിനാൽ, പോലീസിന്റെ ഭാഗത്തുനിന്ന് ആത്മഹത്യക്കു കാരണമായ രീതിയിൽ പരുഷമായ സംസാരമുണ്ടായിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. പുലർച്ചെ രണ്ടിന് ഇരുവരും ജോലിചെയ്തിരുന്ന ആശുപത്രിയിലേക്കു കയറി വരുന്നതു വിതുമ്പിക്കരഞ്ഞുകൊണ്ടായിരുന്നു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നു അച്ഛനോടും അമ്മയോടും പറയണമെന്നും ആതിര അവിടെയുണ്ടായിരുന്ന ഇരട്ടസഹോദരിയോടു പറഞ്ഞിരുന്നു. കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഹാജരാക്കാൻ അഥോറിറ്റി നിർദേശിച്ചു. മാവേലിക്കര കുറുത്തിക്കാട് സ്വദേശിയായ സാജനെ പോലീസ് സ്റ്റേഷനിൽ മർദിച്ച സംഭവത്തിലും പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി മൊഴിയെടുത്തു. മോഷണം പോയ വസ്തു കണ്ടെടുക്കുക പോലും ചെയ്യാതെയാണ് ഒരാളെ കസ്റ്റഡിയിലെടുത്തു മർദിച്ച് അവശനാക്കിയത്. ബോധം കെടുന്നതുവരെ ചൂരലിനു കാൽവെള്ളയിൽ അടിക്കുകയും മർദനക്കാര്യം പുറത്തുപറഞ്ഞാൽ തെളിയാത്ത കേസുകളെല്ലാം തലയിൽവച്ചുകെട്ടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അഥോറിറ്റി സ്‌ഥലത്തു നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കാടത്തമാണു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അഥോറിറ്റി ചൂണ്ടിക്കാട്ടി. ചിത്രങ്ങളും ഉദ്യോഗസ്‌ഥന്റെ വിശദീകരണവുമെല്ലാം കുറ്റകൃത്യം നടന്നതിനെ സാധൂകരിക്കുന്ന വിധത്തിലാണ്. സാജനെ പരിശോധിച്ച മെഡിക്കൽ സംഘത്തിൽനിന്നുൾപ്പെടെ അഥോറിറ്റി മൊഴിയെടുക്കും. കേസ് ജനുവരി 27ലേക്കു മാറ്റി.