സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന
- 22/12/2016

സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന ന്യൂഡൽഹി: സഹകരണ ബാങ്കുകളിൽ നോട്ട് നിരോധനത്തിനുശേഷം നടന്ന ഇടപാടുകളെക്കുറിച്ചു സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നു. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള സഹകരണ ബാങ്കുകളും എൻഫോഴ്സ്മെന്റ് വകുപ്പിന്റെ അന്വേഷണ പരിധിയിൽ വരും.മഹാരാഷ്ട്രയിലെ മുംബൈ വിഥൽ കോ–ഓപ്പറേറ്റീവ് ബാങ്കിലെ വിവാദമായ 1,400 കോടി രൂപയുടെ നിക്ഷേപമാണ് ഇഡിയുടെ പട്ടികയിലുള്ള പ്രധാന കേസ്. റിസർവ് ബാങ്കിനു മുംബൈ സഹകരണ ബാങ്ക് നൽകിയ റിപ്പോർട്ടിൽ 900 കോടി രൂപ സ്വീകരിച്ചതായി മാത്രമേ വ്യക്‌തമാക്കിയിട്ടുള്ളൂ. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ 500 കോടി രൂപ മറച്ചു വയ്ക്കുകയായിരുന്നുവെന്നു വ്യക്‌തമായി. ഇതോടെയാണ് ഈ കേസ് റിസർവ് ബാങ്ക് എൻഫോഴ്സ്മെന്റിനു വിട്ടത്. ഇതേത്തുടർന്ന് മുംബൈ സഹകരണ ബാങ്കിനോട് ഇതുവരെ നടന്ന മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങൾ തേടിയിട്ടുണ്ട്. ഇതിനു പുറമെയാണ് സംശയം തോന്നിയ മുന്നൂറിലധികം സഹകരണബാങ്കുകളുടെ ഇടപാടുകൾകൂടി ഏജൻസികൾ അന്വേഷിക്കുന്നത്. നിക്ഷേപം, കൈമാറ്റം, ബാങ്കുകൾ തമ്മിലുള്ള പണമിടപാട്, കഴിഞ്ഞമാസം എട്ടിനു നോട്ട് നിരോധിച്ചതിനുശേഷം രൂപീകരിച്ച പുതിയ അക്കൗണ്ടുകളുടെ വിവരങ്ങൾ എന്നിവയാവും പ്രധാനമായും എൻഫോഴ്സ്മെന്റ് പരിശോധിക്കുക. സഹകരണ ബാങ്കുകൾക്കെതിരായ അന്വേഷണത്തെ സഹായിക്കാൻ രാജ്യത്തെ മുൻനിര കുറ്റാന്വേഷണ ഏജൻസിയായ സിബിഐക്കും ആദായ നികുതി വകുപ്പിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. സിബിഐ, ഇഡി, ആദായനികുതി വകുപ്പ് എന്നിവ തങ്ങളുടെ ചുമതലകൾ തരംതിരിച്ചാവും അന്വേഷിക്കുക. എല്ലാ സംസ്‌ഥാന സഹകരണ ബാങ്കുകളുടെയും ഇടപാടുകളാവും ആദായനികുതി വകുപ്പ് അന്വേഷിക്കുക. അർബൻ സഹകരണ ബാങ്കുകളെക്കുറിച്ച് സിബിഐയും ജില്ലാ സഹകരണബാങ്കുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ്ും അന്വേഷിക്കും. നവംബർ എട്ടിനു ശേഷമുള്ള ഇടപാടുകളെക്കുറിച്ച് അറിയാൻ ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടും.കേരളത്തിൽ തൃശൂരും കൊല്ല ത്തും ജില്ലാ സഹകരണ ബാങ്കുക ളിൽ എൻഫോഴ്സ്മെന്റ് ഡയറ ക്ടറേറ്റ് ഇന്നലെ പരിശോധന നടത്തി. കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ ചിന്നക്കടയിലെ ആസ്‌ഥാനത്തും തൃശൂർ ജില്ലാ ബാങ്കിന്റെ ഹെഡ് ഓഫീസിലുമാണു പരിശോ ധന നടത്തിയത്. നോട്ട് നിരോധിച്ചശേഷം സ്വീകരിച്ച നിക്ഷേപത്തിന്റെ കണക്കുകൾ, കെവൈസി പാലിച്ചാണോ നടപടികൾ സ്വീകരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്‌ഥർ ബാങ്ക് അധികൃതരോടു ചോദിച്ചറിഞ്ഞു.