നോക്കുകൂലി ഭരണഘടനാവിരുദ്ധം ഹൈക്കോടതി
- 21/12/2016

നോക്കുകൂലി ഭരണഘടനാവിരുദ്ധം ഹൈക്കോടതി കൊച്ചി: നോക്കുകൂലി ഭരണഘടനാവിരുദ്ധമാണെന്നും ഇതിനെതിരായി ഡിജിപി പുറപ്പെടുവിച്ച സർക്കുലർ പോലീസ് ഉദ്യോഗസ്‌ഥർ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.നോക്കുകൂലി പ്രശ്നത്തെ തുടർന്ന് ചാലക്കുടിയിലെ ക്വാറിയുടെ പ്രവർത്തനം തടസപ്പെടുന്നത് ഒഴിവാക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പൈനാടത്ത് ഗ്രാനൈറ്റ്സ് ഉടമ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.നോക്കുകൂലിക്കെതിരെ പരാതി ലഭിച്ചാൽ ഉടൻ തന്നെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ പോലീസെത്തി സ്‌ഥാപനത്തിനും ജീവനക്കാരടക്കമുള്ളവർക്കും സംരക്ഷണം നൽകണം. ഇത്തരം പരാതികളിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റു ചെയ്യണമെന്നും കോടതി പറഞ്ഞു. തൊഴിലെടുത്തു ലഭിക്കുന്ന കൂലികൊണ്ടാണു ഭക്ഷണം കഴിക്കേണ്ടതെന്നു വിശുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ഓർമപ്പെടുത്തി. നോക്കുകൂലി നിയമവിരുദ്ധമാണെന്നു തിരിച്ചറിഞ്ഞിട്ടുപോലും നടപടിയുണ്ടാകുന്നില്ല.സർക്കുലറിന്മേലുള്ള നടപടി കാര്യക്ഷമമാണോയെന്നു ഡിജിപി പരിശോധിക്കണം. നോക്കുകൂലിയിൽ കേസ് എടുക്കാൻ ജില്ലാ പോലീസ് മേധാവികൾ മുഖേന എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകണമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. നോക്കുകൂലി കേസുകളിലെ അന്വേഷണ പുരോഗതി റിപ്പോർട്ടുകൾ അതത് സ്റ്റേഷൻ ഓഫീസർമാർ സബ് ഡിവിഷണൽ ഓഫീസുകൾക്കു നൽകണമെന്നും ഇതു നിരീക്ഷിച്ച് ഈ ഓഫീസർമാർ ജില്ലാ പോലീസ് മേധാവികൾക്ക് റിപ്പോർട്ട് നൽകണമെന്നും സർക്കുലറിൽ പറയുന്നു. പ്രതിമാസ ജില്ലാ പോലീസ് യോഗങ്ങളിൽ ഇത്തരം കേസുകളുടെ അവലോകനം നടത്തണമെന്നും നിർദേശമുണ്ട്.