സർക്കാരിനു പോലീസ് നയമില്ല: ചെന്നിത്തല
- 21/12/2016

സർക്കാരിനു പോലീസ് നയമില്ല: ചെന്നിത്തല മലപ്പുറം: സംസ്‌ഥാനത്ത് ഇടതുപക്ഷ സർക്കാരിനു പോലീസ് നയവും നിയന്ത്രണവുമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിന്റെ കിരാത വാഴ്ചയാണു കേരളത്തിൽ കാണുന്നത്. ചെറിയ കേസുകളിൽ യുഎപിഎ ചുമത്തുന്ന പോലീസിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറത്തു വാർത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോർട്ട് കൊച്ചിയിലുണ്ടായ പോലീസ് നടപടി ഏവരെയും ഞെട്ടിക്കുന്നതാണ്. ഇത്തരം നടപടി കേരളത്തിൽ തുടരാൻ അനുവദിക്കരുത്. യുഎപിഎ നടപ്പാക്കുമ്പോൾ പോലീസ് മതിയായ ജാഗ്രത കാണിക്കുന്നില്ല. ഹീനനടപടിയാണ് ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ബിജെപി പ്രവർത്തകർ നൽകുന്ന പരാതിയിൽ ആർക്കെതിരേയും യുഎപിഎ ചുമത്താമെന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. എന്നാൽ, അദ്ദേഹത്തിന്റെ അറിവോടെയാണിതെല്ലാം നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കു പോലീസിനുമേൽ നിയന്ത്രണം നഷ്‌ടപ്പെട്ടുവെന്നതിന്റെ തെളിവാണിതെല്ലാം. റേഷൻ കടകളിൽ അരിവിതരണം തടസപ്പെട്ടതിൽ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.