പോലീസിനെതിരേയുള്ള പരാതികൾ അറിയിക്കാം : ഡിജിപി
- 21/12/2016

പോലീസിനെതിരേയുള്ള പരാതികൾ അറിയിക്കാം : ഡിജിപി തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്‌ഥരിൽ നിന്നുണ്ടാകുന്ന മോശമായ പെരുമാറ്റങ്ങൾ സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ സംസ്‌ഥാനതലത്തിൽ സംവിധാനം വരുന്നു. പരാതികൾ ivc.pol@kerala.gov.in എന്ന ഇ–മെയിലിലോ ചിത്രങ്ങളും വീഡിയോയും 9497991100 നമ്പരിൽ വാട്സാപ്പ് വഴിയോ നൽകാമെന്നു സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇത്തരം പരാതികൾ ഇനിമുതൽ സംസ്‌ഥാനതലത്തിൽ മോണിട്ടർ ചെയ്യാൻ നടപടി സ്വീകരിക്കും. ഇന്റേണൽ വിജിലൻസ് സെല്ലിനെ ഇതിനായി ചുമതലപ്പെടുത്തും.പൊതുജനങ്ങളോടു മോശമായി പെരുമാറുന്നതും പോലീസ് അതിക്രമങ്ങളും സംബന്ധിച്ച പരാതികളുണ്ടായാൽ കർശന നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയും നിർദേശം നൽകിയിട്ടുണ്ടെന്ന് സംസ്‌ഥാന പോലീസ് മേധാവി ചൂണ്ടിക്കാട്ടി. ഇതിനകം ലഭിച്ച ഒറ്റെപ്പെട്ട പരാതികളിൽ കർശന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.ഫോർട്ട് കൊച്ചിയിൽ കുടുംബസമേതം ബീച്ചിലെത്തിയ യുവാവിനെയും കുടുംബത്തെയും മർദിച്ചുവെന്ന പരാതിയിൽ എസ്ഐയെ സസ്പെൻഡ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും സംസ്‌ഥാന പോലീസ് മേധാവി അറിയിച്ചു. പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനു പോലീസുദ്യോഗസ്‌ഥർക്ക് സോഫ്റ്റ് സ്കിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രത്യേക പരിശീലനം നല്കുന്നതിനു നടപടി സ്വീകരിക്കുമെന്നും പോലീസ് മേധാവി വ്യക്‌തമാക്കി. നാദിറിനെയും കമൽ സി. ചവറയെയും അറസ്റ്റ് ചെയ്തിട്ടില്ല: ഡിജിപി തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ മനുഷ്യാവകാശ പ്രവർത്തകനായ നാദിറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംശയത്തിന്റെ പേരിൽ അദ്ദേഹത്തെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. നാദിറിനെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്നും ഡിജിപി പറഞ്ഞു. ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന പരാതിയിൽ എഴുത്തുകാരൻ കമൽ സി. ചവറയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കമൽ സി. ചവറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ 124 എ വകുപ്പ് നിലനിൽക്കില്ലെന്നും ഡിജിപി വ്യക്‌തമാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.