തിരുവനന്തപുരം റവന്യൂ ജില്ലാ ശാസ്ത്രമേള നെയ്യാറ്റിൻകരയിൽ
- 20/11/2016
നെയ്യാറ്റിൻകര: വിദ്യാർഥി ശാസ്ത്ര പ്രതിഭകളുടെ വൈവിധ്യമാർന്ന പ്രയത്നങ്ങളാൽ സമൃദ്ധമായ തിരുവനന്തപുരം റവന്യൂ ജില്ലാ ശാസ്ത്രമേളയ്ക്ക് നെയ്യാറ്റിൻകരയിൽ തുടക്കമായി. ഹയർസെക്കൻഡറി കോഴ്സ് നിലവിൽ വന്നതിനു ശേഷം നെയ്യാറ്റിൻകര ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ശാസ്ത്രമേളയുടെ ഉദ്ഘാടനം കെ. ആൻസലൻ എംഎൽഎ നിർവഹിച്ചു. നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ ഹീബ അധ്യക്ഷയായിരുന്നു. വൈസ് ചെയർമാൻ കെ.കെ ഷിബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, വിദ്യാഭ്യാസവകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ജില്ലയിലെ 12 സബ് ജില്ലകളിൽ നിന്നായി ആറായിരത്തോളം വിദ്യാർഥി ശാസ്ത്രപ്രതിഭകൾ മൂന്നു ദിവസത്തെ മേളയിൽ വിവിധ മത്സരയിനങ്ങളിലായി മാറ്റുരയ്ക്കുന്നു.