ബാങ്കുകൾ സാധാരണക്കാരെ വഞ്ചിക്കുന്നു ആനന്ദ് ശർമ
- 19/12/2016
ബാങ്കുകളിലുള്ള വിശ്വാസം ജനത്തിനു നഷ്‌ടമായി: ആനന്ദ് ശർമ കൊച്ചി: രാജ്യത്തെ ബാങ്കുകളിലുള്ള വിശ്വാസം ജനങ്ങൾക്കു നഷ്‌ടമായെന്നു കോൺഗ്രസ് നേതാവ് ആനന്ദ് ശർമ എംപി. എറണാകുളം ഡിസിസി ആസ്‌ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിനു ജനങ്ങൾ അവരുടെ പണത്തിനായി ബാങ്കുകളിൽ ക്യൂനിൽക്കുകയാണ്. ബാങ്കുകളിൽനിന്നോ എടിഎമ്മുകളിൽനിന്നോ ജനങ്ങൾക്കു പണം ലഭിക്കുന്നില്ല. എന്നാൽ, പിൻവാതിലിലൂടെ കോടികളുടെ പുതിയ കറൻസി പുറത്തേക്കു പോകുന്നു. റിസർവ് ബാങ്കിനോടുള്ള വിശ്വാസം നഷ്‌ടപ്പെട്ടു. പണം പിൻവലിക്കൽ നടപടിയിൽ പ്രധാനമന്ത്രിയുടെ പരാജയം മറച്ചുവയ്ക്കാനാണു ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ഡിജിറ്റലൈസേഷൻ എന്ന മണ്ടത്തരത്തിന്റെ കാര്യം പറയുന്നത്. രാജ്യത്തെ 60 ശതമാനം ഗ്രാമങ്ങളിലും ബാങ്കുകളോ എടിഎമ്മുകളോ ഇല്ല. ഇങ്ങനെ ഒരു രാജ്യത്ത് എങ്ങനെ കറൻസിരഹിത ഇടപാടു സാധ്യമാകും. ജനങ്ങളുടെ സമ്പത്തു സംരക്ഷിക്കുക എന്നതാണു പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വം. എന്നാൽ, ജനങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറി പണം പിടിച്ചെടുക്കുന്ന നടപടിയാണ് അദ്ദേഹം സ്വീകരിക്കുന്നതെന്ന് ആനന്ദ് ശർമ കുറ്റപ്പെടുത്തി.രാജ്യത്തെ സമ്പദ്വ്യവസ്‌ഥ തകർച്ചയുടെ വക്കിലാണ്. സ്‌ഥിരതയുള്ള സാമ്പത്തിക ശക്‌തിയെന്ന ഇന്ത്യയുടെ ആഗോള പ്രശസ്തിക്കു പ്രധാനമന്ത്രി കളങ്കമേൽപ്പിച്ചു. ഇന്ത്യയിൽ ഉള്ളതെല്ലാം കള്ളപ്പണമാണെന്നു വിളിച്ചുപറയുന്ന പ്രധാനമന്ത്രിയുടെ നടപടി വിചിത്രമാണ്. കറൻസി പിൻവലിക്കലിനു ശേഷമുള്ള പ്രസ്താവനകളിലൂടെ ഇന്ത്യയെ ആഗോളതലത്തിൽ നരേന്ദ്ര മോദി നാണം കെടുത്തി. ലോകത്തെ ഒരു ജനാധിപത്യ ഭരണകൂടവും ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു സർക്കാരും ചെയ്യാത്ത നടപടികളാണു മോദി സർക്കാർ സ്വീകരിക്കുന്നത്. തീവ്രവാദത്തെ നേരിടാനാണു നോട്ടു പിൻവലിക്കുന്നതെന്നാണു മോദി അവകാശപ്പെടുന്നത്. തീവ്രവാദവിരുദ്ധ നിലപാടു സ്വീകരിച്ചതിനു മൂന്നു വിലപ്പെട്ട ജീവനുകൾ രാജ്യത്തിനു വേണ്ടി ത്യജിച്ച പാർട്ടിയാണു കോൺഗ്രസ് എന്ന കാര്യം മോദി മറക്കരുത്. രാജ്യത്തു നിലവിലുള്ള പണത്തിന്റെ 0.02 ശതമാനം മാത്രമാണു കള്ളപ്പണമെന്നു കേന്ദ്ര ധനമന്ത്രിതന്നെ പറഞ്ഞിരുന്നു. എന്നാൽ, കള്ളപ്പണത്തിനെതിരേയുള്ള നടപടിയാണു നോട്ടു പിൻവലിക്കലെന്നാണു പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ഇതിൽനിന്ന് എന്താണു ജനം വിശ്വസിക്കേണ്ടത്. അഴിമതിക്കെതിരേയുള്ള യുദ്ധമാണു കറൻസി പിൻവലിക്കൽ എന്ന മോദിയുടെ അവകാശവാദം തട്ടിപ്പാണെന്നും ആനന്ദ് ശർമ പറഞ്ഞു. കറൻസി പിൻവലിക്കൽ പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് പല സംസ്‌ഥാനങ്ങളിലും ബിജെപി നേതാക്കൾ വൻതോതിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ റാലികൾക്കായി ബിജെപി ഒഴുക്കിയ കോടികൾ ആരുടേതാണെന്നു നേതൃത്വം വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെതിരായ ആരോപണം പാർലമെന്റിൽ ഉന്നയിക്കുന്നതും പാർലമെന്റിനു പുറത്ത് ഉന്നയിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. സഭയ്ക്കു പുറത്ത് ആരോപണം ഉന്നയിച്ചാൽ സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും വാദപ്രതിവാദങ്ങളിലൂടെയും അതിന്റെ ഗൗരവം ഇല്ലാതാവും. പ്രധാനമന്ത്രി നേരിട്ടു നടത്തിയ അഴിമതിയുടെ ഗൗരവം കണക്കിലെടുത്താണു പാർലമെന്റിലേ ആരോപണം ഉന്നയിക്കൂ എന്നു പറഞ്ഞത്. പ്രധാനമന്ത്രിയുടെ അഴിമതി പുറത്തുകൊണ്ടുവരും. പക്ഷേ, രാഹുൽ ഗാന്ധിയെ പാർലമെന്റിൽ സംസാരിക്കാൻ ബിജെപി സമ്മതിക്കുന്നില്ല. രാഹുൽ ഗാന്ധി പ്രസംഗിക്കുന്നതു തടയാൻ ബിജെപി ബോധപൂർവം ശ്രമിക്കുകയാണ്. അതിനായി ഭരണകക്ഷി അംഗങ്ങൾ തന്നെ പ്ലക്കാർഡുകളും മറ്റുമായി സഭ തടസപ്പെടുത്തുകയാണ്. കറൻസി പിൻവലിക്കലിനെതിരേയുള്ള സമരത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി, സതീശൻ, എംഎൽഎ, പി.സി. ചാക്കോ, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.