അഴിമതിവിരുദ്ധ നടപടികളെ പ്രതിപക്ഷം തടസപ്പെടുത്തുന്നു: പ്രധാനമന്ത്രി
- 17/12/2016

അഴിമതിവിരുദ്ധ നടപടികളെ പ്രതിപക്ഷം തടസപ്പെടുത്തുന്നു: പ്രധാനമന്ത്രി ന്യൂഡൽഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരേയുള്ള സർക്കാരിന്റെ നടപടികളെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം തടസപ്പെടുത്തുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ അഴിമതിക്കെതിരേയാണു നേരത്തേ പാർലമെന്റ് തടസപ്പെടുന്നതെങ്കിൽ അഴിമതിക്കെതിരേയുള്ള സർക്കാരിന്റെ നടപടിക്കെതിരേ ഇപ്പോൾ പാർലമെന്റ് തടസപ്പെടുത്തുകയാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരേ നടപടിയെടുക്കാൻ കോൺഗ്രസ് അനുവദിക്കില്ല. ഇപ്പോൾ എടുത്തിരിക്കുന്ന നോട്ട് അസാധുവാക്കൽ 1971ൽ നടപ്പിലാക്കണമെന്നു നിർദേശമുയർന്നിരുന്നു. എന്നാൽ, അന്നു ഭരണത്തിലിരുന്ന കോൺഗ്രസും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും അതിനു തയാറായില്ലെന്നും അന്ന് അതു ചെയ്തിരുന്നെങ്കിൽ ഇത്രയും വലിയ നഷ്‌ടങ്ങളുണ്ടാകില്ലായിരുന്നുവെന്നും ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിൽനിന്നു വിരമിച്ച ഉന്നത ഉദ്യോഗസ്‌ഥൻ മാധവ് ഗോഡ്ബോലിന്റെ പുസ്തകത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണു കോൺഗ്രസിനെതിരേ പ്രധാനമന്ത്രി ഇന്നലെ ആഞ്ഞടിച്ചത്. അനധികൃത സമ്പാദ്യങ്ങളും കള്ളപ്പണവും തടയുന്നതിനായി നോട്ട് നിരോധിക്കണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി വൈ.ബി. ചവാൻ ശിപാർശ ചെയ്തിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഇന്ദിരാ ഗാന്ധി അതു തടയുകയായിരുന്നെന്നു പുസ്തകത്തിലുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.പത്തു വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് കള്ളപ്പണത്തിനെതിരേ ഒന്നും ചെയ്തില്ല. കോൺഗ്രസ് എന്നും രാജ്യത്തേക്കാൾ വലുതായി പാർട്ടിയെയാണു കണ്ടിട്ടുള്ളത്.കോൺഗ്രസിനൊപ്പം ചേർന്ന് ഇടതു പാർട്ടികൾ തങ്ങളുടെ നിലപാടുകൾ കാറ്റിൽ പറത്തിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.