സർക്കാർ ജീവനക്കാരുടെ സ്വത്തു വിവരം സർവീസ് ബുക്കിൽ രേഖപ്പെടുത്തണം
- 17/12/2016

സർക്കാർ ജീവനക്കാരുടെ സ്വത്തു വിവരം സർവീസ് ബുക്കിൽ രേഖപ്പെടുത്തണം തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടെ സ്വത്തുമായി ബന്ധപ്പെട്ട എല്ലാ വിവരവും സർവീസ് ബുക്കിൽ രേഖപ്പെടുത്തണമെന്നു സർക്കാർ ഉത്തരവ്. പുതുതായി സംസ്‌ഥാന സർക്കാർ സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ സ്വത്തു വിവരം വെളിപ്പെടുത്താൻ സർവീസ് ബുക്കിൽ പ്രത്യേക കോളവും ഉൾപ്പെടുത്തി. ജീവനക്കാരുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള കെട്ടിടങ്ങളും സ്വന്തമായുള്ള വാഹനങ്ങൾ അടക്കമുള്ളവയുടെ വിവരങ്ങളും നൽകണമെന്നു ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതോടൊപ്പം ഉദ്യോഗസ്‌ഥന്റെ ഭാര്യ/ഭർത്താവിന്റെയും മക്കളുടെയും പേരിലുള്ള ബിസിനസ് സ്‌ഥാപനങ്ങളുടെ വിവരങ്ങളും നൽകണം. ഇതു സംബന്ധിച്ച വിശദമായ വിവരങ്ങളാണു നൽകേണ്ടത്. വിവരങ്ങൾ ചേർക്കാൻ സർവീസ് ബുക്കിൽ പ്രത്യേക പേജുകളും ഉൾപ്പെടുത്തും. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നിർദേശത്തിന്റെ അടിസ്‌ഥാനത്തിലാണു ജീവനക്കാരുടെ സ്വത്തു വിവരം സർവീസ് ബുക്കിൽ രേഖപ്പെടുത്താൻ ധനവകുപ്പ് ഉത്തരവിറക്കിയത്.സർക്കാർ സർവീസിൽ കയറുന്ന ജീവനക്കാരൻ നിലവിലെ സ്വത്തു വിവരം വെളിപ്പെടുത്താൻ നേരത്തെ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണു സർവീസ് ബുക്കിൽ പ്രത്യേക കോളം ഉൾപ്പെടുത്തിയത്