റേഷൻ സംവിധാനം തകർന്നു: മാണി
- 17/12/2016

റേഷൻ സംവിധാനം തകർന്നു: മാണി കോട്ടയം: സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം ആകെ അവതാളത്തിലായിരിക്കുകയാണെന്നും ഇതിനു കാരണം കേന്ദ്രസംസ്‌ഥാന സർക്കാരുകളുടെ കെടുകാര്യസ്‌ഥതയുമാണെന്നു കേരള കോൺഗ്രസ്–എം ചെയർമാൻ കെ.എം. മാണി. കേരളത്തിന് ആവശ്യമായ അരിവിഹിതം നൽകുക, നോട്ടുക്ഷാമം പരിഹരിക്കുക, സഹകരണ മേഖലയെ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കോൺഗ്രസ്–എം സംസ്‌ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലും നിയോജക മണ്ഡലം കേന്ദ്രങ്ങളിലും നടത്തിയ ധർണയുടെ സംസ്‌ഥാനതല ഉദ്ഘാടനം പാലാ മുത്തോലിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.സംസ്‌ഥാനത്തെ റേഷൻ കടകളിൽ അരിയും ഗോതമ്പും മറ്റു ഭക്ഷ്യവസ്തുക്കളൊന്നും ലഭ്യമല്ല. പ്രസ്തുത മേഖലയാകെ നിശ്ചലമായിരിക്കുന്നു. ഈ പ്രശ്നത്തിന് അടിയന്തര നടപടി സ്വീകരിച്ചു സർക്കാർ പരിഹാരമുണ്ടാക്കണം. കള്ളപ്പണമുണ്ടെങ്കിൽ മറ്റു മാർഗങ്ങളിലൂടെ അന്വേഷിച്ചു നടപടിയെടുക്കണം. അതിനുപകരം സഹകരണ സ്‌ഥാപനങ്ങളെ അപ്പാടെ ഈ രംഗത്തുനിന്നു പുറത്താക്കിയതു തലവേദനയ്ക്കു തല വെട്ടുന്നതിനു തുല്യമാണെന്നും മാണി പറഞ്ഞു.