സോളാർ വിധി സരിതയ്ക്കും ബിജുവിനും പിഴയും തടവും
- 17/12/2016
സോളാർ വിധി സരിതയ്ക്കും ബിജുവിനും പിഴയും തടവും പെരുമ്പാവൂർ: സോളാർ തട്ടിപ്പുകേസിൽ ബിജു രാധാകൃഷ്ണനും സരിത എസ്. നായർക്കും പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചു. മുടിക്കൽ കുറുപ്പാലി കെ.എം. സജാദ് നൽകിയ പരാതിയിലാണു വിധി. കൂട്ടുപ്രതികളായ മൂന്നു പേരെ കോടതി വെറുതെ വിട്ടു. സിനിമാ, സീരിയൽ നടി പെരുന്ന തൃപ്പൂണിത്തുറ ഭവൻ (അരവിന്ദം) ശാലു മേനോൻ, മാതാവ് കലാദേവി, കൊടുങ്ങല്ലൂർ കൂളിമുട്ടം മണികണ്ഠൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2012 സെപ്റ്റംബർ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുടിക്കലിൽ സജാദിന്റെ വീടിനു സമീപത്തും തമിഴ്നാട്ടിലും സോളാർ പ്ലാന്റും കാറ്റാടി യന്ത്രങ്ങളും നിർമിച്ചു നൽകാമെന്നു പറഞ്ഞാണ് സജാദിൽ നിന്ന് പ്രാഥമിക ആവശ്യങ്ങളുടെ പേരിൽ 40 ലക്ഷം രൂപ കൈപ്പറ്റിയത്. ഇവർ സജാദിനെ സംസ്‌ഥാനത്തെ എമേർജിംഗ് കേരള പദ്ധതിയിൽ ഉൾപ്പെടുത്താമെന്നും പറഞ്ഞിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് 2013 ഫെബ്രുവരി 28ന് ആലുവ റൂറൽ എസ്പിക്ക് സജാദ് പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു വെളിച്ചത്തുന്നതും ജൂൺ മൂന്നിനു സരിതയും തുടർന്ന് ബിജുവും അറസ്റ്റിലാവുകയും ചെയ്തത്. സോളാർ ഇടപാടുമായി ബന്ധപ്പെട്ട് സരിത ആദ്യം അറസ്റ്റിലാകുന്നത് ഈ സംഭവത്തിലാണ്. തുടർന്നാണ് കഴിഞ്ഞ സർക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ വിവാദങ്ങൾ ഉയർന്നുവന്നത്. ഭരണപക്ഷത്തെ പല ഉന്നതരെയും സോളാറുമായി ബന്ധപ്പെടുത്തി വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴും പല കോടതികളിലും സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുന്നുണ്ട്. കൊലപാതക ക്കേസിൽ കോടതി ശിക്ഷിച്ച ബിജു രാധാകൃഷ്ണൻ കഴിഞ്ഞ മൂന്നു വർഷമായി ജയിലിലാണ്. നിലവിൽ മറ്റൊരു കേസിൽ ശിക്ഷ അനുഭവിച്ചുവരുന്ന ബിജുവിന് ഈ കേസിൽ ശിക്ഷ പ്രത്യേകമായി അനുഭവിക്കേണ്ടിവരില്ലെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. കോടതിയിൽ ബിജു സ്വന്തമായാണ് കേസ് വാദിച്ചത്. കേസിൽ ബിജു അപ്പീൽ നൽകിയേക്കുമെന്നാണു വിവരം.