രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരശീല
- 17/12/2016

രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരശീല തിരുവനന്തപുരം: ഇരുപത്തിയൊന്നാമതു കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം മൊഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യൻ സിനിമ ക്ലാഷിന്. ഈജിപ്റ്റിലെ ജനാധിപത്യ വിപ്ലവസമരവുമായി ബന്ധപ്പെട്ട പ്രക്ഷുബ്ധകാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന സിനിമ മികച്ച ചിത്രമായി പ്രേക്ഷകരും തെരഞ്ഞെടുത്തു. ഒരു സൈനിക ട്രക്കിനുള്ളിലെ സംഭവങ്ങളും ട്രക്കിന്റെ ജനാലയിലൂടെ കാണാവുന്ന കാഴ്ചകളും മാത്രം കൊണ്ട് മൊഹമ്മദ് ദിയാബ് ഒരുക്കിയ ചലച്ചിത്ര വിസ്മയം സിനിമാപ്രേമികൾ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്. സംവിധായകന്റെ അഭാവത്തിൽ ഫിപ്രസി ജൂറി അംഗം സലോമി കിക്കാലിഷ്വിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നു സുവർണചകോരവും മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് പ്രേക്ഷക അവാർഡും സ്വീകരിച്ചു. 15 ലക്ഷമാണ് സുവർണ ചകോരത്തിന്റെ അവാർഡ് തുക. പ്രേക്ഷക അവാർഡ് തുക രണ്ടു ലക്ഷം രൂപയുമാണ്. മികച്ച സംവിധായകനുള്ള രജത ചകോരം തുർക്കി സിനിമയായ ക്ലയർ ഒബ്സ്ക്യൂറിന്റെ സംവിധായക യെസീം ഉസ്താഗ്ലൂ നേടി. ചിത്രത്തിൽ അഭിനയിച്ച എസീം ഉസുൻ മികച്ച നടനുള്ള ജൂറിയുടെ പ്രത്യേക പരാമർശവും കരസ്ഥമാക്കി. മികച്ച നവാഗത സംവിധായികയ്ക്കുള്ള രജത ചകോരം നേടിയ മലയാളിയായ വിധു വിൻസന്റ് (മാൻഹോൾ) ഫിപ്രസി ജൂറി പുരസ്കാരത്തിനും അർഹയായി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് ജൂറി പുരസ്കാരം തുർക്കി ചിത്രമായ കോൾഡ് ഓഫ് കലണ്ടർ, മലയാളം സിനിമയ്ക്കുള്ള നെറ്റ്പാക് അവാർഡ് രാജീവ് രവിയുടെ കമ്മട്ടിപ്പാടം, മികച്ച ഇന്റർനാഷണൽ സിനിമയ്ക്കുള്ള ഫിപ്രസി അവാർഡ് വെയർ ഹൗസ്ഡ് എന്നിവയ്ക്കും ലഭിച്ചു. ഡൈ ബ്യൂട്ടിഫുള്ളിലെ അഭിനയത്തിന് പൗലോ ബല്ലിസ്റ്റുറ പ്രത്യേക ജൂറി പരാമർശനത്തിന് അർഹനായി. ഇസ്രയേൽ സംവിധായകൻ മിഷേൽ ക്ളഫിയായിരുന്നു മത്സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയൻമാൻ. ചലച്ചിത്രതാരം സീമ ബിശ്വാസ്, ഇറാനിയൻ ചലച്ചിത്രതാരം ബാരൻ കൊസാറി, കസാക്കിസ്ഥാൻ സംവിധായകനായ സെറിക് അപ്രിമോവ്, ഡർബൻ ചലച്ചിത്രമേളയിലെ പ്രോഗ്രാം ഡയറക്ടറായ പെഡ്രോ പിമെന്ത എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ.മേളയിൽ മികച്ച പ്രദർശന സൗകര്യമൊരുക്കിയതിനുള്ള എസ്തറ്റിക് അവാർഡ് കൈരളി കെഎസ്എഫ്ഡിസി തിയറ്റർ നേടി. മികച്ച സാങ്കേതിക സൗകര്യമുള്ള തിയറ്ററായി ശ്രീപത്മനാഭ തെരഞ്ഞെടുക്കപ്പെട്ടു.നിശാഗന്ധി തിയേറ്ററിൽ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സാംസ്കാരിക സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൻ ബീന പോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ ചടങ്ങ് ബഹിഷ്കരിച്ചു.