പണം പിൻവലിക്കൽ അയവ്
- 16/12/2016

പിൻവലിക്കുന്നതിനുള്ള നിയന്ത്രണത്തിൽ അയവുവരുത്തുമെന്നു കേന്ദ്ര ധനമന്ത്രാലയം - ന്യൂഡൽഹി: പിൻവലിച്ചതിന്റെ 80 ശതമാനത്തോളം തുകയ്ക്കുള്ള പുതിയ കറൻസി എത്തിക്കഴിഞ്ഞാൽ ബാങ്ക് നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനുള്ള നിയന്ത്രണത്തിൽ അയവുവരുത്തുമെന്നു കേന്ദ്ര ധനമന്ത്രാലയം. ഇതുവരെ 50 ശതമാനം പുതിയ നോട്ടുകളേ ബാങ്കിംഗ് ശൃംഖലയിൽ എത്തിയിട്ടുള്ളൂ. നിയന്ത്രണങ്ങൾ ആദ്യം സഹകരണ മേഖലയിലാണു പിൻവലിക്കുക. പിന്നീടാണു ഷെഡ്യൂൾഡ് ബാങ്കുകളിൽ അയവു വരുത്തുക എന്നും ധനമന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്‌ഥൻ പറഞ്ഞു.ഇപ്പോൾ ആഴ്ചയിൽ 24,000 രൂപയെ ഒരാൾക്കു പിൻവലിക്കാവൂ. എടിഎമ്മിൽ നിന്നാണെങ്കിൽ പ്രതിദിനം 2500 രൂപ. ഇത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രാജ്യത്തു കറൻസി ദൗർലഭ്യം രണ്ടു മൂന്ന് ആഴ്ചകൊണ്ടു മാറുമെന്ന് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി ശക്‌തികാന്ത് ദാസ് മാധ്യമങ്ങളോടു പറഞ്ഞു. ആദ്യഘട്ടത്തിൽ 2000 രൂപ നോട്ടുകൾ എത്തിക്കുന്നതിലായിരുന്നു ശ്രദ്ധ. 200 കോടി 2000 രൂപ നോട്ടുകൾ (നാലുലക്ഷം കോടി രൂപയുടെ മൂല്യമുള്ളത്) അച്ചടിച്ചു. പിന്നീടാണ് 500 രൂപ നോട്ടുകളിൽ ഊന്നൽ കൊടുത്തത്. ഇപ്പോൾ 500 രൂപ നോട്ടുകൾ കൂടുതൽ ഇറക്കിവരികയാണ്. 100 രൂപ, 50 രൂപ, 20 രൂപ, 10 രൂപ കറൻസികൾ ധാരാളമായി ഇറക്കിയിട്ടുണ്ട്. 500 ന്റെയും 2000 ന്റെയും ചേർന്ന് അഞ്ചു ലക്ഷം കോടി രൂപയുടേതു വിതരണം ചെയ്തപ്പോൾ മറ്റു നോട്ടുകൾ 80,000 കോടി രൂപയ്ക്കുള്ളതാണു നല്കിയത്.തുടക്കത്തിൽ പുതിയ കറൻസികൾ ബാങ്കിലേക്കു തിരികെ വരുന്നില്ലായിരുന്നു. ഇപ്പോൾ നില മാറി. 50 ശതമാനത്തോളം കറൻസികൾ മടങ്ങിവന്നതായി ദാസ് അവകാശപ്പെട്ടു.റദ്ദാക്കപ്പെട്ട കറൻസിയിൽ എത്ര മടങ്ങിവന്നുവെന്ന് പറയാൻ ദാസ് തയാറായില്ല. റിസർവ് ബാങ്ക് നല്കിയ കണക്കിൽ ഇരട്ടിപ്പിനു സാധ്യതയുള്ളതായി ദാസ് സൂചിപ്പിച്ചു