പോലീസ് ലോക്ക് അപ്പിൾ പ്റ തി മരിച്ച നിലയിൽ
- 16/12/2016

കസ്റ്റഡിയിലിരുന്ന പ്രതി ലോക്കപ്പിൽ മരിച്ചനിലയിൽ കൊച്ചി: അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തയാളെ ലോക്കപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടപ്പള്ളി കുന്നുംപുറം വലിയപറമ്പിൽ വീട്ടിൽ മുഹമ്മദ് യൂസഫിന്റെ മകൻ ഷഹീറിനെ (48) ആണ് ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 9.45 ഓടെയാണ് ലോക്കപ്പിൽ ഷഹീറിനെ അനക്കമില്ലാത്തനിലയിൽ കണ്ടതെന്ന് പോലീസ് പറഞ്ഞു.തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥർ ഷഹീറിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അയൽവാസി പീടിയേക്കൽ നദീറിനെ(40) ഷഹീർ ബുധനാഴ്ച രാത്രി കുത്തി പരിക്കേൽപ്പിച്ചിരുന്നു. നെഞ്ചിനും വയറിനും കുത്തേറ്റ നദീർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി ഷഹീറിനെ കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലാക്കി.വ്യാഴാഴ്ച രാവിലെ ഭക്ഷണമെന്തെങ്കിലും വേണമോയെന്ന് അറിയാൻ ഉദ്യോഗസ്‌ഥനെത്തിയപ്പോഴാണ് അനക്കമറ്റ നിലയിൽ കണ്ടെത്തുന്നത്. വിവരറിഞ്ഞ് ഷഹീറിന്റെ ബന്ധുക്കളും സ്റ്റേഷനിലെത്തി. മരണത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് ഐജി ശ്രീജിത്ത് പറഞ്ഞു.മദ്യപിച്ചു വീട്ടിലെത്തി സ്‌ഥിരം വഴക്കുണ്ടാക്കുമായിരുന്ന ഷഹീറിനെതിരേ ഭാര്യ സജീന പോലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ ഷഹീറിനെ കണ്ട് സജീനയും ഉമ്മ നബീസയും വാതിലുകൾ അടച്ചു. വീടിന് അകത്ത് കടക്കാൻ കഴിയാത്തതിനെക്കുറിച്ച് നദീറിനോട് പറഞ്ഞുവെങ്കിലും ഇടപെട്ടില്ല. തുടർന്ന് ഇരുവരും വാക്കേറ്റമുണ്ടാവുകയും കൈയിൽ കരുതിയിരുന്ന കത്തിക്ക് നദീറിനെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആർഡിഒ രേണുക രാജിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി. വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കൽ കോളജിൽ പോലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം ചെയ്യുമെന്നും ഐജി പറഞ്ഞു.മൃതദേഹത്തിൽ പരിക്കേറ്റതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കടുത്ത പ്രമേഹം ബാധിച്ച ഷഹീറിന് കരൾ വീക്കമുണ്ടായിരുന്നതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. മരണ കാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്‌തമാകു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സഫ, മാർവ എന്നിവരാണ് ഷഹീറിന്റെ മക്കൾ. ഗൾഫിലായിരുന്ന ഷഹീർ രണ്ടു കൊല്ലം മുമ്പാണ് നാട്ടിലെത്തിയത്.