കാർഷിക കടങ്ങൾക്ക് മേയ് 31 വരെ മോറട്ടോറിയം
- 15/12/2016

കാർഷിക കടങ്ങൾക്ക് മേയ് 31 വരെ മോറട്ടോറിയം തിരുവനന്തപുരം: വരൾച്ച മൂലമുള്ള കാർഷിക പ്രതിസന്ധിയും നോട്ട് പ്രതിസന്ധിയും കണക്കിലെടുത്തു കാർഷിക കടങ്ങൾക്ക് 2017 മേയ് 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു. വരൾച്ചമൂലം കർഷിക വിളകൾ നശിക്കുന്ന സാഹചര്യം കണക്കിലെടുത്തു സംസ്‌ഥാനത്തെ എല്ലാ റവന്യു റിക്കവറി നടപടികളും ആറു മാസത്തേയ്ക്കു നിർത്തിവയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഷെഡ്യൂൾഡ് ബാങ്കുകൾ ഉൾപ്പെടെ സംസ്‌ഥാനത്തെ വിവിധ ധനകാര്യ സ്‌ഥാപനങ്ങളിൽനിന്ന് എടുത്ത വായ്പകളിലുള്ള ജപ്തി നടപടികൾക്ക് ആശ്വസമാകുന്നതാണ് നടപടി.ഇക്കാലയളവിൽ ഒരു തരത്തിലുള്ള റവന്യു റിക്കവറി നടപടിയും പാടില്ലെന്നാണു നിർദേശം. മഴ ലഭിക്കാത്തതിനെ തുടർന്നു ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്തെ നേരത്തെ വരൾച്ചബാധിതമായി പ്രഖ്യാപിച്ചിരുന്നു. പല ജില്ലകളിലും കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കാനാവാതെ ജലസ്രോതസുകൾ വറ്റിവരണ്ടിരുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ ലഭിക്കേണ്ട കാലവർഷത്തിൽ 34 ശതമാനം കുറവാണുണ്ടായത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പെയ്യേണ്ട തുലാവർഷത്തിൽ ഇതുവരെ 62 ശതമാനം കുറവുണ്ടായി. വരും മാസങ്ങളിൽ സംസ്‌ഥാനം കൊടും വരൾച്ചയിലേക്ക് എത്തുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോറട്ടോറിയം പ്രഖ്യാപിക്കാനും റവന്യു റിക്കവറി നടപടികൾ നിർത്തിവയ്ക്കാനും തീരുമാനിച്ചത്.വയനാട് ജില്ലയിൽ റവന്യു റിക്കവറി നടപടികൾ ഡിസംബർ 31 വരെ നിർത്തിവയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതു നീട്ടണമെന്ന ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ ഉയർന്നു. വയനാട്ടിൽ മാത്രം പോരാ സംസ്‌ഥാനമൊട്ടുക്കുള്ള റവന്യു റിക്കവറി നടപടികൾ നിർത്തിവയ്ക്കുന്നതിനെക്കുറിച്ചായി പിന്നീടുള്ള ചർച്ച. തുടർന്നു സംസ്‌ഥാനത്തെ കാർഷിക കടങ്ങൾക്കു മോറട്ടോറിയം പ്രഖ്യാപിക്കുകയും റവന്യു റിക്കവറി നടപടികൾ നിർത്തിവയ്ക്കുകയും ചെയ്യുകയായിരുന്നു.