മുഖ്യമന്ത്രിയെ തടഞ്ഞത് ഫെഡറലിസത്തോടുള്ള വെല്ലുവിളി: ചെന്നിത്തല
- 13/12/2016

മുഖ്യമന്ത്രിയെ തടഞ്ഞത് ഫെഡറലിസത്തോടുള്ള വെല്ലുവിളി: ചെന്നിത്തല ശബരിമല: ഭോപ്പാലിൽ മലയാളി അസോസിയേഷന്റെ സ്വീകരണത്തിൽ പങ്കെടുക്കുന്നതിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ നടപടി ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല ദർശനത്തിനു ശേഷം സന്നിധാനത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാതിരുന്ന നടപടി കേരളത്തോടുള്ള അവഹേളനവും ഫാസിസവുമാണ്. ജനാധിപത്യത്തിൽ സഹിഷ്ണുത ആവശ്യമാണ്. ജനങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള മുഖ്യമന്ത്രി സർക്കാർ പ്രതിനിധിയാണ്. സഹകരണ ബാങ്കുകളിൽ കള്ളപ്പണമുണ്ടെങ്കിൽ കണ്ടെത്തണം. എന്നാൽ, ഇതിന്റെ മറവിൽ സഹകരണ പ്രസ്‌ഥാനത്തെ തകർക്കാൻ നടത്തുന്ന ശ്രമത്തോടു യോജിക്കാനാകില്ല. സഹകരണ ബാങ്ക് പ്രതിസന്ധി, നോട്ട് പ്രതിസന്ധി, റേഷൻ പ്രശ്നം എന്നിവ സംബന്ധിച്ചു പരാതി നൽകുന്നതിന് ഇന്നു യുഡിഎഫ് പ്രതിനിധിസംഘം രാഷ്ട്രപതിയെ കാണും.നാളെ രാവിലെ ജന്ദർമന്ദറിൽ യുഡിഎഫ് എംപിമാരും എംഎൽഎമാരും സത്യഗ്രഹം നടത്തും. സഹകരണ ബാങ്ക് പ്രതിസന്ധി, നോട്ട് പ്രതിസന്ധി എന്നിവ കേന്ദ്ര ധനമന്ത്രിയുമായും റേഷൻപ്രശ്നം കേന്ദ്ര ഭക്ഷ്യമന്ത്രിയുമായും ചർച്ചചെയ്യും.ശബരിമല തീർഥാടനം നല്ല നിലയിൽ പുരോഗമിക്കുകയാണ്. ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നതായും തിരക്കു പരിഗണിച്ചു ദർശനസമയം നീട്ടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്തു നടന്ന പുണ്യം പൂങ്കാവനം ശുചീകരണ യജ്‌ഞത്തിലും പ്രതിപക്ഷ നേതാവ് പങ്കാളിയായി