പൊങ്കാലയ്ക്ക് തുടക്കം ചക്കുളത്തുകാവ്
- 13/12/2016

പൊങ്കാലയ്ക്ക് തുടക്കം ചക്കുളത്തുകാവ് എടത്വ: പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി വ്രതശുദ്ധിയോടെ ഭക്‌തലക്ഷങ്ങൾ ചക്കുളത്തമ്മയ്ക്കു പൊങ്കാലയിട്ടു. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും തലേദിവസംമുതൽ തന്നെ ഭക്‌തരുടെ പ്രവാഹമായിരുന്നു. പുലർച്ചെ മൂന്നിനു നടന്ന മഹാഗണപതി ഹോമത്തോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്. ഒമ്പതിനു നടന്ന വിളിച്ചുചൊല്ലി പ്രാർഥനക്കുശേഷം 9.30ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലിൽനിന്ന് പണ്ടാര പൊങ്കാല അടുപ്പിലേക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകർന്നതോടെ ചക്കുളത്തുകാവ് യാഗഭൂമിയായി. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി.ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പൊങ്കാല ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഭദ്രദീപം തെളിച്ചു. രാവിലെ 11ഓടെ 500ൽപരം വേദപണ്ഡിതൻമാരുടെ മുഖ്യകാർമികത്വത്തിൽ ദേവിയെ 41 ജീവിതകളിലായി എഴുന്നള്ളിച്ച് ഭക്‌തർ തയാറാക്കിയ പൊങ്കാല നേദിച്ചു. തൃക്കാർത്തിക ദിനത്തിലെ പൊങ്കാലയുടെ പുണ്യം നുകരാൻ നാടിന്റെ നാനാഭാഗത്തുനിന്നും ഭക്‌തർ ശനിയാഴ്ച മുതലേ ചക്കുളത്തുകാവിലേക്ക് ഒഴുകിയെത്തി തുടങ്ങിരുന്നു. കസവു പുടവ അണിഞ്ഞ് നാവിൽ ദേവീ സ്തുതികളും കൈയ്യിൽ പൂജാദ്രവ്യങ്ങളുമായി പതിനായിരക്കണക്കിന് സ്ത്രീകളാണ് ദേവീകടാക്ഷത്തിനായി പൊങ്കാല അർപ്പിച്ചത്. വൈകുന്നേരം നടന്ന പൊതുസമ്മേളനം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം കെ.കെ. അശോകൻ അധ്യക്ഷത വഹിച്ചു. യു. പ്രതിഭാഹരി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ഗുരുവായൂർ മുൻ അഡ്മിനിസ്ട്രേറ്റർ കെ. വേണുഗോപാൽ, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂപ് പുഷ്പാകരൻ, ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ അഡ്വ. കെ.കെ. ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. തുടന്ന് കാർത്തിക സ്തംഭത്തിനു ചലച്ചിത്രതാരം വാസുദേവൻ ബോസ് അഗ്നിപകർന്നു. ചക്കുളത്തുകാവിൽ പന്ത്രണ്ടുനോയമ്പ് മഹോത്സവം 16 മുതൽ 27 വരെ നടക്കും. 16 നാണ് നാരീപൂജ. നാരീപുജയോട് അനുബന്ധിച്ചു നടക്കുന്ന സംസ്കാരികസമ്മേളനം പത്തനംതിട്ട കളക്ടർ ആർ. ഗിരിജ ഉദ്ഘാടനം ചെയ്യും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും.ഭദ്ദീപ പ്രകാശനവും അനുഗ്രഹപ്രഭാഷണവും മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയും, മുഖ്യപ്രഭാഷണം രമേശ് ഇളമൺ നമ്പൂതിരിയും നിർവഹിക്കും. ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻനായർ, ഉത്സവകമ്മിറ്റി പ്രസിഡന്റ് പി.ഡി. കുട്ടപ്പൻ എന്നിവർ പ്രസംഗിക്കും. നാരീപൂജ വനിതാകമ്മിഷൻ അംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. 26ന് കാവുംഭാഗം തിരു ഏറാങ്കാവ് ഭഗവതിക്ഷേത്രത്തിൽ നിന്നും ചക്കുളത്തുകാവിലേക്ക് കലശവും, തിരുവാഭരണഘോഷയാത്രയും നടക്കും