ചിന്നമ്മ എഐഎഡിഎംകെ നയിക്കും
- 11/12/2016

ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറിസ്‌ഥാനത്തേക്കു മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല എത്തുന്നു. ‘അമ്മ’ (ജയലളിത) കാണിച്ചുതന്ന വഴിയിലൂടെ ചിന്നമ്മ പാർട്ടിയെ നയിക്കുമെന്നാണു മുതിർന്ന നേതാക്കളുടെ പ്രഖ്യാപനം.പാർട്ടി നേതൃസ്‌ഥാനം ഏറ്റെടുക്കാൻ എഐഎഡിഎംകെ അധ്യക്ഷസമിതിയുടെ ചെയർമാൻ ഇ. മധുസൂദനൻ, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈ, മുൻമന്ത്രി കെ.എ. ചെങ്കോട്ടയ്യൻ, മുൻ ചെന്നൈ മേയർ സൈദൈ ദുരൈസ്വാമി തുടങ്ങിയ നേതാക്കൾ ശശികലയോട് അഭ്യർഥിക്കുകയായിരുന്നു.ഇന്നലെ രാവിലെ പോയ്സ്ഗാർഡനിൽ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ജയലളിതയുടെ പിൻഗാമിയാകാൻ നേതാക്കൾ ശശികലയെ ക്ഷണിച്ചത്. അഭ്യൂഹങ്ങൾക്ക് അറുതി വരുത്തി പാർട്ടിയുടെ അധ്യക്ഷസ്‌ഥാനം ഏറ്റെടുക്കണമെന്നായിരുന്നു ആവശ്യം.പാർട്ടിയെ ആരു നയിക്കണമെന്ന കാര്യത്തിൽ ഒരുതരത്തിലുള്ള കിടമത്സരവും നിലവിലില്ലെന്നു കൂടിക്കാഴ്ചയ്ക്കുശേഷം തമ്പിദുരൈ മാധ്യമപ്രവർത്തകരോടു പറഞ്ഞു. മൂന്നു പതിറ്റാണ്ടായി ജയലളിതയ്ക്കൊപ്പം തുടരുന്ന വ്യക്‌തിയെന്ന നിലയിൽ പാർട്ടിയെ നയിക്കാൻ അർഹതയുള്ള ഒരേയൊരാൾ ശശികലയാണ്. ജനങ്ങളുടെ പാർട്ടിയാണിത്. ജനഹിതം മനസിലാക്കിയാണു പുരട്ചി തലൈവി അമ്മ പ്രവർത്തിച്ചത്. ചിന്നമ്മയും അമ്മയുടെ കാലടികൾ പിന്തുടരും. തങ്ങളുടെ അഭ്യർഥന ശശികല സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശിച്ചു. ഐകകണ്ഠ്യേനയാണു പാർട്ടി തീരുമാനം. പ്രശ്നത്തിൽ അഭിപ്രായവ്യത്യാസമില്ല. സാധാരണ പ്രവർത്തകരും ജില്ലാ സെക്രട്ടറിമാരും എംപിമാരും എംഎൽഎമാരും മറ്റു ഭാരവാഹികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്– അദ്ദേഹം പറഞ്ഞു. അതിനിടെ, ജയലളിതയെ ഭാരതരത്നം പുരസ്കാരത്തിനു ശിപാർശ ചെയ്യാൻ ഇന്നലെ മുഖ്യമന്ത്രി പനീർശെൽവത്തിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പാർലമെന്റ് അങ്കണത്തിൽ ജയലളിതയുടെ അർധകായ വെങ്കല പ്രതിമ സ്‌ഥാപിക്കാനും അഭ്യർഥിക്കും. ഇതുസംബന്ധിച്ച പ്രമേയങ്ങളും മന്ത്രിസഭ പാസാക്കി. ചെന്നൈ മറീന ബീച്ചിൽ എംജിആർ സ്മാരകത്തോടു ചേർന്നു ജയലളിതയുടെ സ്മാരകവും നിർമിക്കും. 15 കോടി രൂപ ഇതിനു ചെലവഴിക്കും. ഡോ.പുരട്ചി തലൈവർ എംജിആർ ആൻഡ് പുരട്ചി തലൈവി അമ്മ സെൽവി ജെ.ജയലളിത സ്മാരകം എന്ന പേരിലായിരിക്കും സ്മാരകം തുടർന്ന് അറിയപ്പെടുക. ജയലളിതയുടെ ഛായാചിത്രം നിയമസഭയിൽ സ്‌ഥാപിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി