ഇന്ത്യകണ്ടഅസാധാരണ രാഷ്ട്രീയപ്രതിഭ ജയലളിത
- 07/12/2016

ഇന്ത്യ കണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അന്യാദൃശമായ നേതൃപാടവം, അത്യപൂർവമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യൻ രാഷ്ട്രീയത്തിൽ ജയലളിതയെ വേറിട്ട വ്യക്‌തിത്വത്തിന് ഉടമയാക്കി. കേരളത്തോടു സവിശേഷ മമത പുലർത്തിയിരുന്ന അവർ എന്നും തമിഴർക്കും മലയാളികൾക്കുമിടയിൽ സാഹോദര്യം നിലനിൽക്കുന്നതിനുവേണ്ടി പരിശ്രമിച്ചു. കലാരംഗത്തുനിന്നും രാഷ്ട്രീയരംഗത്തേക്ക് വരികയും ചുരുങ്ങിയ നാളുകൾക്കുളളിൽ രാഷ്ട്രീയരംഗത്തെ തന്റെ അസാമാന്യമായ വ്യക്‌തിപ്രഭാവം കൊണ്ട് മാറ്റിമറിക്കുകയും ചെയ്തു ജയലളിത. തമിഴ് ജനതയുടെ മനസിൽ മായാത്ത മാതൃബിംബമായി അവർ ഉയർന്നു. ദരിദ്ര ജനവിഭാഗങ്ങൾക്ക് ആശ്വാസമരുളുന്ന ഒട്ടനവധി നടപടികളിലൂടെ അവർ തമിഴ് ജനതയുടെയാകെ തന്നെ സ്നേഹവിശ്വാസങ്ങൾ ആർജിച്ചു. ഒരു ജനതയുടെ മനസിനെയും ഭാഗധേയത്തേയും ഇത്രയധികം സ്വാധീനിച്ച മുഖ്യമന്ത്രിമാർ നമ്മുടെ രാജ്യത്ത് അധികമില്ല.പൊതുവേ പുരുഷാധിപത്യപരമായ രാഷ്ട്രീയരംഗത്ത് സ്ത്രീത്വം ഒരുവിധത്തിലും പോരായ്മയല്ല മറിച്ച് മികവാണ് എന്ന് അവർ തെളിയിച്ചു. എംജിആറിന്റെ മരണശേഷം പ്രായോഗിക രാഷ്ട്രീയത്തിൽ ജയലളിതക്കു മുമ്പിൽ ഒട്ടനവധി പ്രതികൂല ഘടകങ്ങളുണ്ടായിരുന്നു. ആ പ്രതികൂല ഘടകങ്ങളെയെല്ലാം ജനങ്ങളെ കൂടെനിർത്തിക്കൊണ്ട് അതിജീവിക്കുകയായിരുന്നു. അങ്ങനെ തമിഴ്നാട്ടിലെ എം ജി ആർ രാഷ്ട്രീയശൈലിയുടെ തുടർക്കണ്ണിയായി ജയലളിത ജനമനസുകളിൽ സ്‌ഥാനം നേടി.സംസ്‌ഥാനങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അങ്ങനെ ഭരണഘടനയുടെ ഫെഡറൽ സ്പിരിറ്റ് ഉയർത്തിപ്പിടിക്കുന്നതിനും മുഖ്യമന്ത്രി എന്ന നിലയിൽ ജയലളിത പല ഘട്ടങ്ങളിലും വഹിച്ച നേതൃപരമായ പങ്ക് വിസ്മരിക്കാവുന്നതല്ല. രാജ്യസഭാംഗമെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലുമൊക്കെ അവർ സ്വന്തം നാടിന്റെ മനസും ശബ്ദവുമായി നിലനിൽന്നു. അതിനെ തമിഴ് ജനത മനസുകൊണ്ട് അംഗീകരിക്കുകയുമായിരുന്നു. ചലച്ചിത്രരംഗത്ത് അസാമാന്യപ്രതിഭയായി തിളങ്ങിനിന്ന ഘട്ടത്തിലാണ് ജയലളിത ആ രംഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്നത്. കലാരംഗത്തിനുണ്ടായ നഷ്‌ടം രാഷ്ട്രീയരംഗത്തിന് മുതൽക്കൂട്ടായി എന്നു പറയാം. എന്തായാലും മികച്ച അഭിനേത്രി എന്ന നിലയിൽ ജയലളിത ചലച്ചിത്രരംഗത്തിനു നൽകിയ സംഭാവനകൾ ഗൃഹാതുരത്വത്തോടെ ഓർക്കുന്ന വലിയൊരു ആസ്വാദകസമൂഹമുണ്ട്.