ബിനിലിൻറെ സാഹസികതയ്ക്ക് അംഗീകാരം
- 07/12/2016

: കുത്തൊഴുക്കിൽ മുങ്ങിത്താഴ്ന്ന മനുഷ്യജീവനുകളെ രക്ഷിക്കാൻ പാതിരാത്രിയിൽ ജീവൻ പണയംവച്ചു കനാലിലേക്ക് എടുത്തുചാടിയ പതിനാറുകാരന്റെ സാഹസികതയ്ക്ക് അംഗീകാരം. നെടുമ്പാശേരി അത്താണി മഞ്ഞളി എം.പി. ആന്റണിയുടെ മകൻ ബിനിൽ ധീരതയ്ക്കുള്ള ഈ വർഷത്തെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ അവാർഡിന് അർഹനായി.കഴിഞ്ഞ ഏപ്രിൽ 17 ന് അർധരാത്രിയിലാണു പെരുമ്പാവൂർ കീഴില്ലത്തിനടുത്ത് പെരിയാർവാലി കനാലിനു സമീപം പത്തുവയസുകാരി എംസി റോഡിലൂടെ പായുന്ന വാഹനങ്ങൾ നോക്കി, വെള്ളത്തിൽ ഒഴുക്കിൽപ്പെട്ട തന്റെ അമ്മയേയും സഹോദരിയേയും രക്ഷിക്കണമെന്നു നിലവിളിക്കുന്നത് കാറിൽ കുടുംബസമേതം മൂവാറ്റുപുഴയിൽ നിന്നു നെടുമ്പാശേരിയിലേക്കു വരുമ്പോൾ ബിനിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. പെൺകുട്ടി പറഞ്ഞതനുസരിച്ച് കാർ നിർത്തി പുറത്തിറങ്ങിയ ബിനിൽ, ഓട്ടോറിക്ഷയോടൊപ്പം കനാലിൽ മുങ്ങിത്താഴുകയായിരുന്ന മൂന്നുപേരെ രക്ഷിക്കാൻ ഒഴുക്കു വകവയ്ക്കാതെ എടുത്തുചാടുകയായിരുന്നു. ഓട്ടോ മറിയുന്നതിനിടയിൽ അത്ഭുതകരമായി രക്ഷപെട്ട കുട്ടിയാണ് കരയിൽ നിന്നിരുന്നത്. കിഴക്കേ വാഴപ്പിള്ളി ഷിബുവിന്റെ ഭാര്യ ഷൈബിയെ സാഹസികമായി രക്ഷപ്പെടുത്തി. മറ്റു രണ്ടുപേരെ രക്ഷിക്കാൻ കഴിയാത്തതിലുള്ള വിഷമം ബിനിലിന് ഇപ്പോഴും മാറിയിട്ടില്ല. സെക്കൻഡുകൾക്കുമുമ്പ് മുമ്പ് അവിടെ എത്തിയിരുന്നെങ്കിൽ ഒരുപക്ഷെ, സഹായം അഭ്യർഥിച്ച കുട്ടിയുടെ അമ്മയുടേയും സഹോദരന്റേയും ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് ബിനിൽ പറയുന്നു.പുരസ്കാരം റിപ്പബ്ലിക്ദിനത്തിൽ പ്രധാനമന്ത്രി സമ്മാനിക്കും. കളമശേരി രാജഗിരി ഔട്ട്റീച്ച് ഡയറക്ടാണ് ബിനിലിന്റെ അച്ഛൻ എം.പി. ആന്റണി. അമ്മ ഡോക്ടർ ബീന ഹോമിയോ മെഡിക്കൽ ഓഫീസറാണ്. ബിനിൽ രാജഗിരി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്