ജയലളിതഇനി ഓർമകളിൽ
- 06/12/2016

ചെന്നൈ: മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന മുഖ്യമന്ത്രി ജെ. ജയലളിത (68) അന്തരിച്ചു. സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിച്ച ജയയുടെ അന്ത്യം തിങ്കളാഴ്ച അർധരാത്രിയാണ് അപ്പോളോ ആശുപത്രി സ്ഥിരീകരിച്ചത്. ചലച്ചിത്രലോകത്തു രണ്ടു ദശകത്തോളം തിളങ്ങിയ ജയലളിത ജയറാം അവിവാഹിതയായിരുന്നു. അഞ്ചു തവണ തമിഴ്നാട് മുഖ്യമന്ത്രിയായ അവർ തമിഴകത്തിന് അമ്മയും പാർട്ടി പ്രവർത്തകർക്കു പുരട്ചി തലൈവിയും ആയിരുന്നു. എം.ജി. രാമചന്ദ്രന്റെ ഇഷ്ടക്കാരിയായിരുന്ന ജയലളിത അദ്ദേഹത്തിന്റെ മരണശേഷം ഏറെ പോരടിച്ചാണു പാർട്ടി സ്വന്തമാക്കിയത്. ദിവസങ്ങളായി ജയലളിത യുടെ മരണത്തെപ്പറ്റി അഭ്യൂഹ ങ്ങൾ പരന്നിരുന്നു. ഞായറാഴ്ച വൈകുന്നേരം ഹൃദയസ്തംഭനം ഉണ്ടായതോടെ അഭ്യൂഹം ശക്തമായി. തുടർന്നു ഹൃദയപ്രവർത്തനം നടത്തുന്ന ഇസിഎംഒ സംവിധാനത്തിൽ ജീവൻ നിലനിർത്തുകയായിരുന്നു. ലണ്ടനിൽനിന്നു ഡോ. റിച്ചാർഡ് ബെയ്ലിയും ഡൽഹിയിൽനിന്ന് എഐഐഎംഎസിലെ വിദഗ്ധരും ഇന്നലെ ആശുപത്രിയിലെത്തി. പിൻഗാമിയായി ധനമന്ത്രി ഒ. പനീർശെൽവം അർധരാത്രി ഗവർണറുടെ മുമ്പാകെ സത്യപ്ര തിജ്ഞ ചെയ്തു സ്ഥാനമേറ്റു.ജയലളിത ചികിത്സയിൽ കഴിഞ്ഞ ചെന്നൈ അപ്പോളോ ആശുപത്രി പരിസരത്തു പതിനായിരങ്ങളാണു ഇന്നലെ തടിച്ചുകൂടിയിരുന്നത്. ധനമന്ത്രി ഒ. പനീർശെൽവം 11.25 ഓടെ അപ്പോളോയിൽനിന്നു പുറപ്പെട്ടു റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനത്ത് എത്തി. താമസിയാതെ സ്പീക്കർ നടരാജൻ ഗവർണർ സി. വി ദ്യാസാഗർ റാവുവിനെ സന്ദർശി ച്ചു. അണ്ണാ ഡിഎംകെ നിയ മസഭാ കക്ഷിനേതാവായി പനീർശെൽവത്തെ തെരഞ്ഞെടുത്തെന്നും മുഖ്യമന്ത്രിയായി അദ്ദേഹത്തെ സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നും അഭ്യർഥിച്ചു.മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീലാ ബാലകൃഷ്ണൻ പിന്നീട് വാഹനവ്യൂഹത്തോടൊപ്പം ആശുപത്രിവിട്ടു. അതിനു മുമ്പേ പോലീസ് ഡയറക്ടർ ജനറൽ പോയസ് ഗാർഡനിൽ എത്തിയിരുന്നു. അപ്പോളോ ആശുപത്രി മുതൽ പോയസ് ഗാർഡൻ വരെയുള്ള വഴി പോലീസ് ബന്തവസിലാക്കി.രാത്രി 11.45 ഓടെ ജയയുടെ വിശ്വസ്ത ശശികല നടരാജൻ ആശുപത്രി വിട്ടു. അതിനകം പനീർശെൽവത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുമെന്ന ശ്രുതി പരന്നു. ഇസിഎംഒ (എക്സ്ട്രാ കോർപോറിയൽ മെംബ്രെയ്ൻ ഓക്സിജനേഷൻ) സഹായത്തോടെയാണു ജയലളിതയുടെ ജീവൻ ഇന്നലെ നിലനിർത്തിയത്. ശ്വസനത്തിനും ഹൃദയത്തിന്റെ പ്രവർത്തനത്തിനും സഹായിക്കുന്ന ഉപകരണമാണിത്. പതിനായിരങ്ങളാണ് ആശുപത്രിക്കു മുന്നിൽ ആകാംക്ഷ യോടെയും പ്രാർഥനയോടെയും തുടർന്നത്. ആശുപത്രിയിലേക്കുള്ള റോഡുകളിൽ ഗതാഗതം നിരോധിച്ചു. ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ സംസ്ഥാനമെമ്പാടും സുരക്ഷ ശക്തമാക്കി. തമിഴ്നാട്ടിലെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ചെന്നൈ നഗരത്തിലെ പെട്രോൾ പമ്പുകളും കടകളും സ്കൂളുകളും സ്വകാര്യസ്ഥാപനങ്ങളും നേരത്തെ അടച്ചു.