എഐഎസ്എഫ് പ്രവർത്തകർക്ക് എസ്എഫ്ഐക്കാരുടെ ക്രൂരമർദനം
- 03/12/2016

എഐഎസ്എഫ് പ്രവർത്തകർക്ക് എസ്എഫ്ഐക്കാരുടെ ക്രൂരമർദനം തിരുവനന്തപുരം: വനിതകൾ ഉൾപ്പെടെയുള്ള എഐഎസ്എഫ് നേതാക്കൾക്ക് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദനം. കേരള സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ഈ മാസം ഒമ്പതിനു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളജിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ എഐഎസ്എഫ് പ്രതിനിധിക്കും നേതാക്കൾക്കുമാണ് മർദനമേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്‌ഥാനത്തേക്ക് എഐഎസ്എഫ് സ്‌ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ മൂന്നാംവർഷ ബിരുദ വിദ്യാർഥി മണിമേഘലയെ പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ എസ്്എഫ്ഐ പ്രവർത്തകർ സംഘംചേർന്ന് മർദിച്ചു. നാമനിർദേശ പത്രിക കീറിയെറിഞ്ഞു. തുടർന്ന് മണിമേഘലയെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ മുറിയിൽ മണിക്കൂറുകളോളം പൂട്ടിയിട്ടു. ഒപ്പംപോയ എഐഎസ്എഫ് ജില്ലാ ഭാരവാഹിയായ ലിസ്നയെ കോളജിനു പുറത്തിറങ്ങാൻ എസ്എഫ്ഐ പ്രവർത്തകർ അനുവദിച്ചില്ല. ലിസ്നെ മർദിക്കുകയും വളഞ്ഞുവച്ച് അസഭ്യവർഷം നടത്തുകയും ചെയ്തു. എഐവൈഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി അംഗം അജിത്തിന്റെ ഭാര്യയാണ് മണിമേഘല. സംഭവമറിഞ്ഞ് യൂണിവേഴ്സിറ്റി കോളജിനു മുന്നിലെത്തിയ എഐഎസ്എഫ് സംസ്‌ഥാന ജോയിന്റ് സെക്രട്ടറി ഹരിൻ ബാബു, ജില്ലാ സെക്രട്ടറി അരുൺ ബാബു (26) , വൈസ് പ്രസിഡന്റ് വിനീത് തമ്പി (24) , കേരള സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറി നന്ദുരാജ് എന്നിവരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. ഇവരെ കോളജിനുള്ളിലേക്ക് ബലമായി വലിച്ചുകൊണ്ടുപോയാണ് മർദിച്ചത്. വിനീത് തമ്പി, നന്ദുരാജ്, അരുൺബാബു എന്നിവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി. അരമണിക്കുറോളം തങ്ങളെ ക്രൂരമായി മർദിച്ചെന്ന് എഐഎസ്എഫ് പ്രവർത്തകർ പറഞ്ഞു. സംഭവം അറിഞ്ഞ് സ്‌ഥലത്തെത്തിയ കന്റോൺമെന്റ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എഐഎസ്എഫ് നേതാക്കളെ മോചിപ്പിച്ചത്. പിന്നീട് ഇവരെ പോലീസ് വാഹനത്തിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിനീത് തമ്പി, ലിസ്ന എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.സംഘപരിവാർ ഫാസിസത്തിനെതിരെ യൂണിവേഴ്സിറ്റി കോളജിനുസമീപമുള്ള സെനറ്റ് ഹാളിൽ ഇടതുപക്ഷ അധ്യാപക വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മയ്ക്കുശേഷമാണ് എഐഎസ്എഫ് പ്രവർത്തകർക്ക് സ്വന്തം സഖ്യകക്ഷിയിൽനിന്നും കടുത്ത മർദനമേറ്റത്. എസ്എഫ്ഐയുടെ നടപടി ജനാധിപത്യ കശാപ്പാണെന്നും എഐഎസ്എഫ് സംസ്‌ഥാന സെക്രട്ടറി സുബേഷ് സുധാകരൻ പ്രതികരിച്ചു. എസ്എഫ്ഐ ജില്ലാ നേതാക്കളാണ് അക്രമത്തിന് നേതൃത്വം നൽകിയത്. ഇവർക്കെതിരെ എസ്എഫ്ഐ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു വിദ്യാർഥിനി നിർബന്ധിച്ച് കൊണ്ടുവന്നതാണ് തർക്കങ്ങൾക്കു വഴിവെച്ചതെന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രതിൻ പറഞ്ഞു. പുറത്തുനിന്ന് വന്ന എഐഎസ്എഫ് നേതാക്കൾ സംഘർഷാവസ്‌ഥ സൃഷ്‌ടിക്കാൻ ശ്രമിച്ചപ്പോൾ കോളജിലെ എസ്എഫ്ഐ വിദ്യാർഥികളുടെ സ്വാഭാവിക പ്രതിരോധം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.