സിപിഎം പ്രവർത്തകർ വെള്ളറട സർക്കിൾ സ്റ്റേഷൻ അടിച്ചു തകർത്തു
- 02/12/2016

ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകർ വെള്ളറട സർക്കിൾ സ്റ്റേഷൻ അടിച്ചു തകർത്തു വെള്ളറട: വെള്ളറട മുൻ സർക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച കേസിൽ പിടിയിലായ ഡിവൈഎഫ്ഐ നേതാവിനെ സ്റ്റേഷനിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ച സിപിഎം– ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് സ്റ്റേഷൻ അടിച്ചു തകർത്തു. സിഐ രാശിത്തിനെ ആക്രമിച്ച കേസിൽ ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രിൻസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സ്റ്റേഷനിൽ എത്തിച്ച പ്രിൻസിനെ വിടണമെന്നാവശ്യപ്പെട്ട് തടിച്ചുകൂടിയ ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകരാണ് വെള്ളറട സർക്കിൾ സ്റ്റേഷൻ അടിച്ചു തകർത്തത്. സ്റ്റേഷനു മുന്നിൽ കിടന്ന പാറശാല സർക്കിൾ ഇൻസ്പെക്ടറുടെ കെൽ01 ബിഎൻ 8620 നമ്പർ ജീപ്പ് തകർത്തു. സർക്കിൾ സ്റ്റേഷന്റെ ജനാലകൾ അടിച്ചു തകർത്തു. കല്ലേറിൽ സർക്കിൾ സ്റ്റേഷനിലെ കംപ്യൂട്ടർ–ഫോട്ടോസ്റ്റാറ്റ് മെഷീൻ അടക്കം ലക്ഷങ്ങളുടെ നാശനഷ്‌ടമുണ്ടായി. സ്റ്റേഷൻ പരിസരം മുഴുവനും ഇഷ്‌ടികയും കല്ലും കമ്പുകളുടെയും കൂമ്പാരമായി.എആർക്യാമ്പിലെ പോലീസുകാരൻ പ്രശാന്തിനു തലക്കു ഗുരുതരമായി പരിക്കേറ്റു. പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണശേഷം ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകർ പിൻവാങ്ങി. സ്റ്റേഷനിൽ കുഴഞ്ഞുവീണ പ്രിൻസിനെ നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്റ്റേഷനു മുന്നിൽ വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്