ഏറ്റുമാനൂർവിഗ്രഹ മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത് ;നെയ്യാറ്റിന്കര എസ്‌ഐ സ്റ്റീഫൻ
- 13/02/2021

ഏറ്റുമാനൂർ വിഗ്രഹ മോഷണം പുതിയ വെളിപ്പെടുത്തലുമായി എസ്‌ഐ സ്റ്റീഫൻ............... തിരുവനന്തപുരം ;ഏറ്റുമാനൂർ ക്ഷേത്ര വിഗ്രഹം മോഷണക്കേസ് ഈ വരുന്ന മെയ് 23 നു നാല് പതിറ്റാണ്ട് തികയുകയാണ്. ഇന്നും മോഷണക്കേസു തെളിഞ്ഞതിന്റെ യഥാർഥ പൊരുൾ ചാരം മൂടിക്കിടക്കുന്നുവെന്നു ആ കേസ് അന്വേഷണ ചുമതലയുണ്ടായിരുന്ന റിട്ടയേർഡ് പോലീസുദ്യോഗസ്ഥൻ സ്റ്റീഫൻ തറപ്പിച്ചു പറയുന്നു. സത്യം വെളിച്ചത്തു കൊണ്ടുവരുക സ്റ്റീഫന്റെ ആഗ്രഹമാണ് . സ്റ്റീഫനെക്കൂടാതെ റൂറൽ ക്രൈം ഡിറ്റാച്ച്മെന്റ് സ്ക്വാർഡിൽ ഡിവൈ. എസ് .പി വിതുര ഗോപാലൻ നായരും സി.ഐ വേലായുധൻ ആശാരി യും എസ്. ഐ കൃഷ്ണൻ നായരും പോലീസ് കോൺസ്റ്റബിൾ മാരായ വേലപ്പൻ, ജ്ഞാനാഭരണം കൂടാതെ ഡ്രൈവർ ശശിധരനും ഉണ്ടായിരുന്നു. 1981 മെയ് മാസം നടന്ന മോഷണക്കേസും ആ വീട്ടിൽത്തന്നെ നടന്ന കൊലപാതകക്കേസും അന്വേഷിക്കുന്ന ചുമതലയായിരുന്നു ഈ സ്ക്വാർഡിനുണ്ടായിരുന്നത്. ആ കേസുമായി ബന്ധപ്പെട്ട പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിനിടയിലാണ് ഏറ്റുമാന്നൂർവിഗ്രഹ മോഷണക്കേസ് തെളിയുന്നത്. യഥാർഥത്തിൽ വിഗ്രഹ മോഷണക്കേസ് ഏറ്റതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയായ സ്റ്റീഫനെ അറസ്റ്റു ചെയ്തു ക്ഷേത്ര അന്വേഷണ സ്‌ക്വർഡിനു കൈമാറിയത്. കൂടാതെ മുൻ കേസിലെ പ്രതികളായ സുരേഷിനെയും കൊലപാതകത്തിനും മോഷണത്തിനും കൂട്ടുനിന്ന ദിലീപിനെയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അതിനു സർക്കാർ 250 രൂപാ വീതം പാരിതോഷികം നൽകിയതായി റിട്ട.എസ്‌ഐ സ്റ്റീഫൻ പറഞ്ഞു. പിന്നെ എങ്ങനെയാണ് ഇക്കഥകളൊക്കെ മാറിമറിഞ്ഞതെന്നതിനെക്കുറിച്ചു സംശയമുണ്ട്. അന്നുനടന്ന സംഭവത്തെക്കുറിച്ചു പോലീസുദ്യോഗസ്ഥനായ സ്റ്റീഫൻ പറയുന്നതിങ്ങനെ: 1980 കളിൽ നെയ്യാറ്റിൻകര ഓലത്താന്നി ഭാഗങ്ങളിൽ ലോറികളും കാറുകളും വലിയ ഭൂസ്വത്തും ഉള്ള ധനികനായിരുന്നു എവിഎൻ മുതലാളിയുടെ വീട്ടിൽ ……………… 1981 മെയ് രണ്ടിന് അദ്ദേഹത്തിൻറെ വീട്ടിൽ മോഷണവും പത്തൊമ്പതാം തീയതി അർദ്ധരാത്രിയോടുകൂടി വീട്ടു ജോലിക്കാരനായ രവീന്ദ്രന്റെ കൊലപാതകം നടന്നു. വീട്ടുജോലിക്കാരനായ രവീന്ദ്രൻ ഔട്ട് ഹൗസിൽ കിടന്നുറങ്ങുകയായിരുന്നു. ഇത് അന്ന് ആ പ്രദേശത്തെ പിടിച്ചുലച്ച കൊലപാതകവും മോഷണവും ആയിരുന്നു. ഈ കൃത്യങ്ങളെക്കുറിച്ചു ഒരു തുമ്പും നെയ്യാറ്റിന്കര പോലീസിനു ലഭിക്കാത്തതിനാൽ അന്വേഷണചുമതല റൂറൽ ക്രൈം ഡിറ്റാച്ചു മെൻറ് സ്ക്വാഡിനെ ഏൽപ്പിക്കുകയായിരുന്നു. നാട് വിറപ്പിച്ചുകൊണ്ട് സ്ക്വാർഡ് അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡുമായി സംഭവം നടന്ന വീട്ടിൽ വന്ന് മണത്തുനോക്കി നായ കുറേദൂരം ഓടിയെങ്കിലും തുടർന്നങ്ങോട്ട് അന്വേഷണം പുരോഗമിച്ചിട്ടില്ല. തുടർന്നുള്ള നിരീക്ഷണത്തിൽ വീട്ടിൽ ഒരു അൾസേഷൻ നായയുണ്ടന്നും അതിനെ വശത്താക്കാതെ ആർക്കും വീട്ടുവളപ്പിൽ കടന്ന് മോഷണം നടത്താൻ പറ്റില്ല എന്നുമുള്ള നിഗമനത്തിൽ പോലീസ് എത്തി. നായയെ വശത്താക്കാൻ പരിചയമുള്ള ആരെങ്കിലും വീട്ടിൽ വരാറുണ്ടോയെന്നു ഗൃഹനാഥയായ കമലാക്ഷിയോട് എസ്‌ഐ സ്റ്റീഫൻ ചോദിച്ചു. ഉദിയൻകുളങ്ങരയിലെ ബന്ധുവായ ദിലീപ് എന്ന ചെറുപ്പക്കാരൻ അവിടെ വരാറുണ്ട് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ വീട്ടിൽച്ചെന്നു ചോദ്യം ചെയ്തെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. അപ്പോൾ ദിലീപിന്റെ ജ്യേഷ്ഠ സഹോദരൻ സുരേഷ്, ബാറ്റയുടെ പുതിയ ചെരുപ്പും ലുങ്കിയും ഷർട്ടുമിട്ട് അവിടെ കയറി വന്നു. സുരേഷിന്റെ പത്രാസിൽ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ വീട് പരിശോധിച്ചപ്പോൾ വിലപ്പിടിപ്പുള്ള പുതിയ തുണിത്തരങ്ങൾ ശ്രദ്ധയിൽപ്പെട്ടു. യാതൊരു തൊഴിലുമില്ലാത്ത സുരേഷി ന്റെ വീട്ടിൽ പുതിയ വസ്ത്രങ്ങളും മറ്റും കണ്ടപ്പോൾ സംശയമുണ്ടായി. ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരൻ സ്റ്റീഫൻ തന്ന 1000 രൂപ കൊണ്ട് വാങ്ങിയതാണെന്നു പറഞ്ഞു. സ്റ്റീഫനെ അന്വേഷിച്ച് വീട്ടിൽ പോയപ്പോൾ അവന്റെ സാമ്പത്തിക ദയനീയാവസ്ഥ കാണുകയും അങ്ങനെയുള്ള സ്റ്റീഫന് ഈ പണം എവിടെ നിന്നു കിട്ടി എന്നുമുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. തുടർന്നുള്ള തെരച്ചിലിൽ സ്റ്റീഫനെ ഉദിയൻകുളങ്ങര ക്ഷേത്ര മുന്നിൽ വച്ചും സുരേഷിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ദിലീപ് കോളേജിൽ അവസാന വർഷ ബിരുദവിദ്യാർഥിയും അഭ്യാസിയും ജിംനാസ്റ്റിക്കുമായിരുന്നു. ദിലീപിനെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മൂന്നു പേരെയും മാറിമാറി ചോദ്യം ചെയ്തിട്ടും മാനസിക മെയ്‌വഴക്കത്തോടെ നിന്ന അവരെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ ചില പോലീസ് മുറകൾഅന്ന് എടുക്കേണ്ടി വന്നുവെന്നു റിട്ട. പോലീസ് ഉദ്യോഗസ്ഥൻ സ്റ്റീഫൻ പറഞ്ഞു. അവസാനം പ്രതി സ്റ്റീഫൻ തന്നെ എല്ലാം സമ്മതിച്ചു. വീട്ടുജോലിക്കാരനായ രവീന്ദ്രനും താനും തമ്മിൽ മുമ്പ് യാതൊരുവിധ വൈരാഗ്യവും ഉണ്ടായിരുന്നില്ലെന്നും എവിഎൻ മുതലാളിയുടെ വീട്ടിൽ മോഷണത്തിന് വന്ന സമയം അവൻ ഞങ്ങളെ തിരിച്ചറിഞ്ഞെന്ന് ബോധ്യമായപ്പോൾ വൈകാരികത്തള്ളലിൽ ആകസ്മികമായി വെട്ടിയതാണെന്നും അലറിയ ശബ്ദം കേട്ട് കുരച്ചു ചാടിയ നായയെ ദിലീപ് അനുനയിപ്പിച്ച് അവിടെനിന്നു കടന്നുകളഞ്ഞെന്നും സമ്മതിച്ചു. പത്തുപതിനഞ്ചു ദിവസം മുമ്പ് ആ വീട്ടിൽ നിന്നും മോഷണം നടത്തിയിരുന്നുവെന്നും പത്തുപവനോളം വരുന്ന സ്വർണവും കുറെ കറൻസിനോട്ടുകളും നാണയങ്ങളും കിട്ടിയിരുന്നുവെന്നും സമ്മതിച്ചു. രണ്ടാം പ്രാവശ്യം അവിടെ പോയത് കത്തികാട്ടി ഭീഷണിപ്പെടുത്തി ഷെൽഫിലെ സ്വർണ്ണമെടുക്കാനാണെന്നും അപ്പോഴാണ് കൊലനടത്തേണ്ടിവന്നതെന്നും അവൻ സമ്മതിച്ചു. എ.വി.എൻ മുതലാളിയുടെ വീട്ടിലെ മോഷണവും അതിനുശേഷം നടന്ന കൊലപാതകവും അങ്ങനെ തെളിഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഏറ്റുമാനൂർ അമ്പലത്തിൽ പോയി നടത്തിയ മോഷണ തയ്യാറെടുപ്പും അവിടെ നിന്ന് ബസ് കയറി പാറശാലയിൽ കൊച്ചു കുഞ്ഞൻ നാടാരുടെ കടയിൽ നിന്നും കമ്പിപ്പാരയും വാങ്ങിയ കഥ സ്റ്റീഫൻ പറയുന്നത്. ആസൂത്രണം ചെയ്തത് അനുസരിച്ച് അടുത്ത ദിവസം തന്നെ ഏറ്റുമാനൂർ അമ്പലത്തിലെത്തുകയും അർദ്ധരാത്രിയോടെ ആനക്കൊട്ടിലിനു സമീപത്തെ വൈദ്യുതി പോസ്റ്റ് വഴി തൂങ്ങിക്കയറി അകത്തുകടന്ന് അഞ്ചര കിലോ തൂക്കം വരുന്ന തങ്ക വിഗ്രഹവും സ്വർണ്ണപ്രഭാവലയവും മോഷ്ടിച്ചതായി പോലീസിനോട് സമ്മതിച്ചു. തുടർന്ന് ക്രൈം ഡിറ്റാച്മെന്റ് സ്ക്വാഡു തൊണ്ടി മുതലായ വിഗ്രഹവും കൊലയ്ക്കുപയോഗിച്ച കത്തിയും പ്രതികളായ സ്റ്റീഫനെയും സുരേഷിനെയും ദിലീപിനെയും നെയ്യാറ്റിന്കര പോലീസ് സ്റ്റേഷനിൽ കൊണ്ടുവരികയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതിയിൽ നിന്നാണ് വിഗ്രഹ മോഷണ കേസിലെ പ്രതികളെ ടെമ്പിൾ സ്ക്വാഡു ഏറ്റുവാങ്ങി കൊണ്ടുപോയത്. എ.വി.എൻ മുതലാളിയുടെ വീട്ടിലെ മോഷണവും കൊലപാതകവും നാട്ടിൽ ഇളക്കിമറിച്ചതിനാലാണ് എല്ലാവരുടെയും ശ്രദ്ധ അതിൽ കുടുങ്ങി കിടന്നത്. ക്ഷേത്ര മോഷണാന്വേഷണ ചുമതല ,ഡിവൈ.എസ്പി. വിശ്വംഭരനായിരുന്നു. സ്റ്റീഫനെ ഏറ്റുവാങ്ങിയ അവരുടെ അന്വേഷണം തുടരുകയും ക്ഷേത്ര കുളത്തിൽ നിന്നും യദൃച്‌ഛികമായി ലഭിച്ച രമണിയെന്ന വിദ്യാർഥിനിയുടെ ഉത്തരകടലാസ് കഷണവും, പ്രതി സ്റ്റീഫൻ തന്നെയെന്നു ഉറപ്പിച്ചു . പിന്നീട് ഉത്തരക്കടലാസിന്റെയും നിര്ധനയായ സ്‌കൂൾ കുട്ടി രമണിയുടെയും കഥയ്ക്ക് പ്രചാരം ലഭിക്കുകയും കുട്ടിക്ക് പല വാഗ്ദാനങ്ങൾപിൽക്കാലത്ത് ലഭിക്കുകയും ചെയ്തു. എന്നാൽ സ്റ്റീഫനെയും വിഗ്രഹത്തെയും കൈയ്യോടെ പിടികൂടി നെയ്യാറ്റിന്കര കോടതി വഴി കൈമാറിയിട്ടും അതൊന്നും പുറത്തു പറയാതെ പാറശാലയിൽ ഒരു കടയിൽനിന്ന് ലഭിച്ച രമണിയുടെ ഉത്തരക്കടലാസ് കഷണമാണ് വിഗ്രഹമോഷണമോഷ്ട്ടാവിനെ പിടികൂടുവാനുള്ള കണ്ണിയായതു എന്ന് മോഷനാന്വേഷണ സ്ക്വാർഡ് ഡിവൈ. എസ. പി പ്രചരിപ്പിക്കുകയായിരുന്നു. അന്ന് ഇന്നത്തെ പ്പോലെ പത്ര മാധ്യമങ്ങൾപ്രചാരത്തിൽ ഇല്ലാതിരുന്നതിനാൽയാഥാര്ഥ്യം പുറത്തുവന്നില്ല .ഡി വൈ എസ് പി പോലുള്ള ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകൾക്കെതിരെ രംഗത്ത് വരാൻ കീഴുദ്യോഗസ്ഥർക്കു ആകുമായിരുന്നില്ല . ഏറ്റുമാനൂർ വിഗ്ര ഹം മോഷ്ടിച്ച ശേഷം സ്റ്റീഫൻ ഉപേക്ഷിച്ച കമ്പിപ്പാര പൊതിഞ്ഞുകൊണ്ടുവന്ന പേപ്പർ കാട്ടുകവഴി നെയ്യാറ്റിൻകര പോലീസിനും ക്രൈം സ്ക്വാഡു ഡിനും ലഭിക്കേണ്ടിയിരുന്ന അംഗീകാരം ക്ഷേത്രമോഷണ അന്വേഷണ സ്കോട് കവർന്നു കൊണ്ട് പോകുകയായിരുന്നു . നീതിയൊരിക്കൽ കിട്ടുകതന്നെ ചെയ്യുമെന്നുകരുതി അഴിയാൻപോകുന്ന പൊരുളിന്റെ ചാരുത സ്വപ്നം കണ്ടു കഴിയുകയാണ് സർവീസിൽ നിന്ന് വിരമിച്ച എസ്‌ഐ സ്റ്റീഫൻ. ജോസ് വിക്ടർ