ചെങ്കല്ലൂരിൽ ശിവഗിരി മഠം രണ്ട് കുടുംബങ്ങളെ പുന:രധിവസിപ്പിച്ചു.
- suresh balaramapuram
- 12/02/2021

ചെങ്കല്ലൂരിൽ ശിവഗിരി മഠം രണ്ട് കുടുംബങ്ങളെ പുന:രധിവസിപ്പിച്ചു. അരുവിപ്പുറം: ചെങ്കല്ലൂരിൽ ഗുരുദേവൻ്റെ ഭൂമിയിൽ ജന്മാവകാശം ലഭിക്കാത്ത വിധം കുടികിടപ്പുകാരായിരുന്ന രണ്ട് കുടുംബങ്ങൾക്ക് വസ്തുവും വീടും നിർമ്മിച്ചു നൽകാനായത് ഗുരുദേവ പുണ്യം ഒന്നുകൊണ്ടു മാത്രമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ഗുരുദേവൻ വിലയ്ക്ക് വാങ്ങിയ ചെങ്കല്ലൂർ ഭൂമിയിൽ ജന്മാവകാശമില്ലാതെ അവശേഷിക്കുന്ന മറ്റ് കുടുംബങ്ങളെയും ട്രസ്റ്റിൻ്റെ തീരുമാനം അംഗീകരിച്ചാൽ വീട് വെച്ചു നൽകി പുന:രധിവസിപ്പിക്കുമെന്നും സ്വാമി വിശുദ്ധനാന്ദ പറഞ്ഞു. ചെങ്കല്ലൂരിൽ ഗുരു ചൈതന്യ നിലയം പുന:രധിവാസ പദ്ധതിയുടെ ഭാഗമായി കുടികിടപ്പുകാർക്ക് പുതുതായി നിർമ്മിച്ചു നൽകിയ ഭവനങ്ങളുടെ താക്കോൽദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു സ്വാമി വിശുദ്ധാനന്ദ. ഗുരുവിൻ്റെ മഹാസമാധിക്ക് പിന്നാലെ നൂറ് കണക്കിന് ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഗുരുദേവൻ വില നൽകി വാങ്ങിയ ചെങ്കല്ലൂരിലെ 47 ഏക്കർ ഭൂമിയുൾപ്പെടെ ഗുരുവിൻ്റെ സ്വത്ത് പരിരക്ഷിച്ചു നിലനിർത്താൻ ഗുരുശിഷ്യർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു കാരണവശാലും ഗുരുശിഷ്യന്മാരെ കോടതി കയറ്റുന്നത് ഗുരുവിനെ കോടതി കയറ്റുന്നതിന് തുല്യമാണെന്നും ബ്രഹ്മസ്വം സ്വത്ത് അപഹരിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ചെങ്കല്ലൂർ ഭൂമി സമൂഹത്തിന് പ്രയോജനപ്പെടും വിധം ഹോസ്പിറ്റലോ, എൻജിനീയറിംഗ് കോളേജോ,ആർട്സ് കോളേജോ നിർമ്മിക്കുകയാണ് ലക്ഷ്യമെന്നും 1995-ൽ തടസ്സപ്പെട്ട ഈ പദ്ധതികൾ സർക്കാരിന് മുന്നിൽ വീണ്ടും സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാന്തവും സാന്ദ്രവുമായ പ്രവൃത്തികളുടെ പിൻബലം അതിനുണ്ടാകുമെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. രണ്ട് വീടുകളുടെയും താക്കോൾ ദാനം ഗൃഹനാഥയ്ക്ക് നൽകി സ്വാമി വിശുദ്ധാനന്ദ വീടുകൾ കൈമാറി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതം ആശംസിച്ചു. സ്വാമി ശാരദാനന്ദ,സ്വാമി ഋതംഭരാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഐ.ബി.സതീഷ് എം.എൽ.എ,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.കെ. പ്രീജ, എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.സുരേഷ് കുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത്,കൗൺസിലർ പുഷ്പലീല,വാർഡ് മെമ്പർ സിന്ധു.ജെ എന്നിവർ ആശംസകളർപ്പിച്ചു. സ്വാമിമാരായ ശിവസ്വരൂപാനന്ദ,വിശാലാനന്ദ,സൂക്ഷ്മാനന്ദ,അസ്പർശാനന്ദ,ഗുരുപ്രസാദ്, അവ്യാനന്ദ,ഗോവിന്ദാനന്ദ, ശുഭഗാനന്ദ,ബ്രഹ്മസ്വരൂപാനന്ദ,അഡ്വ.സുധാകരൻ നെയ്യാറ്റിൻകര,ഡി.മധുസൂദനൻ അരുവിപ്പുറം, ,അരുവിപ്പുറം ദേശീയ പ്രചാരസഭ ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വാമി ബോധിതീർത്ഥ കൃതജ്ഞത രേഖപ്പെടുത്തി.