• 20 September 2025
  • Home
  • About us
  • News
  • Contact us

ദേശീയഗാനം തീയേറ്ററുകളിൽ

  •  
  •  06/12/2016
  •  


ന്യൂഡൽഹി: രാജ്യത്തെ എല്ലാ സിനിമ തിയറ്ററുകളിലും പ്രദർശനത്തിനു മുമ്പായി ദേശീയ ഗാനം കേൾപ്പിക്കണമെന്നു സുപ്രീംകോടതി. ദേശീയ ഗാനത്തിന്റെ സമയത്ത് സിനിമാ സ്ക്രീനിൽ ദേശീയ പതാക പ്രദർശിപ്പിക്കണം. ഈ സമയത്ത് പ്രേക്ഷകർ തിയറ്ററിൽ എഴുന്നേറ്റു നിൽക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഭിന്നശേഷിയുള്ളവർ ഈ സമയത്ത് എഴുന്നേറ്റു നിൽക്കേണ്ടതില്ല. പത്തു ദിവസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകിയിരിക്കുന്നത്.തിയറ്ററിൽ ദേശീയ ഗാനം കേൾപ്പിക്കുകയും ദേശീയ പതാക പ്രദർശിപ്പിക്കുകയും വഴി ജനങ്ങളിൽ രാജ്യസ്നേഹവും ദേശീയബോധവും ഉണർത്താൻ കഴിയുമെന്നും ജസ്റ്റീസുമാരായ ദീപക് മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി. ഭോപ്പാലിൽനിന്നുള്ള വിരമിച്ച എൻജിനിയറും എൻജിഒ നടത്തിപ്പുകാരനുമായ ശ്യാം നാരായൺ ചൗക്സി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ദേശീയ ഗാനം ഉപയോഗിക്കുന്നതിൽ വ്യക്‌തമായ മാർഗരേഖ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.ഭരണഘടനാപരമായ രാജ്യസ്നേഹത്തിന്റെ ചിഹ്നമാണു ദേശീയഗാനമെന്നു ജനങ്ങൾ മനസിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതെന്റെ രാജ്യമാണ്, എന്റെ മാതൃരാജ്യമാണ് എന്ന് ഓരോരുത്തർക്കും മനസിൽ തോന്നണം. നിങ്ങൾ ആദ്യമായി ഒരു ഇന്ത്യക്കാരനാണ്. മറ്റു രാജ്യങ്ങളിൽ അവിടെയുള്ള നിയന്ത്രണങ്ങൾ നിങ്ങൾ അനുസരിക്കും. എന്നാൽ, ഇന്ത്യയിൽ ഒരു നിയന്ത്രണവും പാടില്ലെന്ന നിലപാടാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ദേശീയ സ്വത്വം, സമഗ്രത, ഭരണഘടനാപരമായ ദേശസ്നേഹം എന്നിവയുടെ അടിസ്‌ഥാനത്തിലാണ് കോടതി ഇതിനായി മാർഗരേഖ തയാറാക്കിയത്. കോടതി നിർദേശം നടപ്പാക്കാനും ബോധവത്കരിക്കുന്നതിനുമായി സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒരാഴ്ച സമയവും നൽകിയിട്ടുണ്ട്.ഉത്തരവിന്റെ പകർപ്പ് സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ചു കൊടുക്കാൻ കോടതി നിർദേശിച്ചു. പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ പ്രചാരണവും നൽകണം. ജനങ്ങൾ ഈ ഉത്തരവിനെ ദേശീയ വികാരത്തോടെ ഉൾക്കൊള്ളണം. സാർവലൗകിക സങ്കൽപത്തിൽ തെറ്റില്ല. എന്നാൽ, ഉള്ളിൽ ഭാരതീയത ഉണ്ടാകുന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്നും സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്‌തമാക്കി. കോടതി തയാറാക്കിയ മാർഗരേഖ അംഗീകരിക്കുന്നതായും അത് അനിവാര്യമാണെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി പറഞ്ഞു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar