ന്യൂസ്‌പേപ്പറുകള്‍ കോവിഡ് വാഹകരാണെന്നതിനുള്ള യാതൊരു തെളിവുകളും ഇതുവരെ
- 25/03/2020

ന്യൂസ്‌പേപ്പറുകള്‍ കോവിഡ് വാഹകരാണെന്നതിനുള്ള യാതൊരു തെളിവുകളും ഇതുവരെ കോഴിക്കോട്: ന്യൂസ്‌പേപ്പറുകള്‍ കോവിഡ് വാഹകരാണെന്നതിനുള്ള യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പ്രമുഖ ശാസ്ത്രജ്ഞരും ഡോക്ടർമാരും. ന്യൂസ്‌പേപ്പറുകളിലൂടെ കോവിഡ് വ്യാപനം ഉണ്ടാവുമെന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി വാട്‌സാപ്പ് വഴിയും മറ്റും വലിയ രീതിയില്‍ വ്യാജപ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യവിദഗ്ധരും ഈ വാദത്തെ തള്ളിക്കളയുകയാണ്. ന്യൂസ്‌പ്പേപ്പറുകളില്‍ വൈറസുകള്‍ക്ക് നിലനില്‍ക്കാനാവുമെന്നതിന് യാതൊരു തെളിവുകളോ പഠനങ്ങളോ പുറത്തുവന്നിട്ടില്ല എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജീത് സിങ് പറയുന്നത്. "ന്യൂസ്‌പേപ്പറുകള്‍ സുരക്ഷിതമല്ലെന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ല. ആളുകള്‍ തിങ്ങി നിറഞ്ഞ മുറിയില്‍ നിന്ന് നിങ്ങള്‍ പത്രം വായിക്കുകയാണെങ്കില്‍ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിന് കാരണം പത്രമല്ല പകരം ഇത്രയധികം ആളുകള്‍ തിങ്ങിനില്‍ക്കുന്നതിനാലാണത്. മാത്രവുമല്ല നിങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുമില്ല", നിപയെ തുരത്തുന്ന പോരാട്ടത്തിൽ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ഡോക്ടര്‍ അനൂപ് കുമാര്‍ പറയുന്നു. കോവിഡ് രോഗികള്‍ പത്രങ്ങള്‍ വിതരണം ചെയ്യുന്നില്ല എന്നതു കൊണ്ടും പത്രത്തില്‍ വൈറസിന് അധിക കാലം നിലനില്‍ക്കാന്‍ സാധിക്കാത്തു കൊണ്ടും ഭയത്തിന്റെ ആവശ്യമില്ലെന്നാണ് എയിംസ് ഡയറക്ടര്‍ ഡോ. റണ്‍ദീപ് ഗുലേരിയ പറഞ്ഞത്. മനുഷ്യസ്പര്‍ശമേല്‍ക്കാതെയുള്ളതാണ് ഭൂരിഭാഗം പത്രങ്ങളുടെ പ്രിന്റിങ് പ്രക്രിയ എന്നുള്ളതുകൊണ്ടു തന്നെ ഭയപ്പാടിന്റെ യാതൊരു ആവശ്യവുമില്ല. പത്രം വിതരണം ചെയ്യാനുപയോഗിക്കുന്ന ട്രക്കുകൾ ഫ്യുമിഗേഷൻ ചെയ്ത ശേഷമാണ് വിതരണത്തിന് തയ്യാറാവുന്നതെന്നും വിവിധ പത്രസ്ഥാപനങ്ങളും അടിവരയിടുന്നു. അത്യാധുനിക സംവിധാനങ്ങളുള്ളതാണ് ഇന്ന് പത്രങ്ങളുടെ അച്ചടി പ്രക്രിയ. അതില്‍ മനുഷ്യ സ്പര്‍ശമില്ല. അച്ചടി മുതല്‍ പത്രം എണ്ണിത്തിട്ടപ്പെടുത്തി കെട്ടുകളാക്കി അടുക്കി വെച്ച് പ്ലാസ്റ്റിക്ക് റാപ്പറില്‍ പൊതിയുന്നതുവരെ യന്ത്രങ്ങളുടെ ജോലിയാണ്. വാഹനത്തിലേക്ക് പ്ലാസ്റ്റിക്കില്‍പൊതിഞ്ഞ പത്രക്കെട്ട് കയറ്റുന്നതും മെഷിന്‍ തന്നെ. പത്രമെടുക്കാനെത്തുന്ന വാഹനങ്ങള്‍ നേരത്തെ മുതലേ മാതൃഭൂമി അണുവിമുക്തമാക്കാറുണ്ട്.