21 ദിവസം ആരും പുറത്തിറങ്ങരുത് പ്രധാനമന്ത്രി
- 25/03/2020

21 ദിവസം ആരും പുറത്തിറങ്ങരുത് പ്രധാനമന്ത്രി കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ സമ്പൂർണ്ണ അടച്ചിടൽ. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വരുന്ന 21 ദിവസം രാജ്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമേറിയതാണെന്നും അതിനാല്‍ 21 ദിവസം ആരും പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് രോഗത്തെ നേരിടാന്‍ 15,000 കോടി രൂപയുടെ പ്രത്യേക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആശുപത്രികളും വെന്റിലേറ്ററും അവശ്യ സേവനങ്ങളും ഉറപ്പിക്കാനാണ് ഈ തുക ചെലവിടുക. എല്ലാ സംസ്ഥാനങ്ങളും സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലായിരിക്കും. കോവിഡ് വേഗത്തിലാണ് പടര്‍ന്നു പിടിക്കുന്നത്. വീടിനുള്ളില്‍ നിന്നും ആരും പുറത്തിറങ്ങരുതെന്നും ഇപ്പോള്‍ എവിടെയാണ് ഉള്ളത് അവിടെ തന്നെ ഓരോരുത്തരും തുടരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് ബാധകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കൃത്യമായി പാലിച്ചില്ലെങ്കില്‍ 21 വര്‍ഷം പുറകിലോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അന്ധ വിശ്വാസങ്ങളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുത്. ഡോക്ടര്‍ കുറിച്ചു നല്‍കുന്നതല്ലാത്ത ഒരു മരുന്നും കഴിക്കരുത്. വ്യാജ വാര്‍ത്തകളേയും അഭ്യൂഹങ്ങളേയും ശക്തമായി നേരിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളും നേരത്തെതന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങളിൽ മിസോറം മാത്രമാണ് ഇതുവരെ ലോക്ക്ഡൗണിലേക്ക് പോകാതെ അവശേഷിച്ചിരുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതോടൊപ്പം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം രാജ്യാന്തര, ആഭ്യന്തര വിമാനസര്‍വീസുകളും ട്രെയിൻ, അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തിയിട്ടുണ്ട്. കൂടാതെ വിവിധ നഗരങ്ങളിൽ നിരോധനാജ്ഞയും നിലനിൽക്കുന്നുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന്റെ ബാക്കിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാമ്പത്തിക പാക്കേജ് തയ്യാറാവുകയാണെന്നും രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥയുടെ സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യം പ്രതീക്ഷിച്ച രീതിയിലുള്ള ഒരു സാമ്പത്തിക പാക്കേജ് ആയിരുന്നില്ല പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടായത്.