പാലാരിവട്ടം മേല്‍പാലം നോക്കുകുത്തിയായിട്ട് എട്ടു മാസം.;ഹൈക്കോടതി ഉത്തരവിനോടും മുഖംതിരിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍,
- 28/01/2020
പാലാരിവട്ടം മേല്‍പാലം നോക്കുകുത്തിയായിട്ട് എട്ടു മാസം പിന്നിട്ടു. പാലം പൊളിച്ചുപണിയണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സര്‍ക്കാര്‍, ഭാരപരിശോധനയ്ക്കുള്ള ഹൈക്കോടതി ഉത്തരവിനോടും മുഖംതിരിച്ചു നില്‍ക്കുകയാണ്. ഗതാഗതക്കുരുക്കില്‍ വലയുന്ന ജനം പാലത്തെ ശപിച്ചാണ് ദിവസവും കടന്നുപോകുന്നത്. പാലാരിവട്ടം മേൽപാലം: മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യും.ഭാരപരിശോധന നടത്തി പാലത്തിനു ബലക്ഷയമുണ്ടോ എന്ന് ഉറപ്പുവരുത്തി മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടു രണ്ടു മാസം പിന്നിട്ടു. എന്നാല്‍ പാലം പൊളിച്ച് പണിയുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ആവര്‍ത്തിക്കുകയാണു സര്‍ക്കാര്‍. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലുമാണ്.പാലത്തിലെ വിള്ളല്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നതിനേക്കാള്‍ വലുതാണ്. ഒപ്പം ഐഐടി റിപ്പോര്‍ട്ടിലും ഇ. ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പാലത്തിന്റെ ഗുരുതരവാസ്ഥ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ഇതു പൊളിച്ചുപണിയുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. എന്നാൽ എന്തുകൊണ്ട് ഭാരപരിശോധന നടത്തുന്നില്ല എന്ന ചോദ്യമുന്നയിക്കുകയാണ് എന്‍ജിനീയര്‍മാര്‍. സര്‍ക്കാരിന് ഗൂഢ ഉദ്ദേശമാണെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നു. പാലം ഈ അവസ്ഥയിലാക്കിയ അഴിമതിക്കാര്‍ക്കെതിരെ അന്വേഷണം നടക്കുമ്പോഴും ദുരിതയാത്ര ചെയ്യുന്ന ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍.