കോടതി വളപ്പുകളിലെ സ്ഫോടനം: അൽക്വയ്ദ അനുഭാവി ചെന്നൈയിൽ പിടിയിൽ
- 29/11/2016

ചെന്നൈ: മലപ്പുറം, കൊല്ലം കോടതി വളപ്പുകളിലെ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അൽക്വയ്ദ അനുഭാവി പിടിയിലായതായി അന്വേഷണ സംഘം. ചെന്നൈ തിരുവാണ്മയൂരിൽ ഐടി കമ്പനി ജീവനക്കാരനായ ദാവൂദ് എന്നയാളാണ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കരീം, അബാസ് അലി, അയൂബ് എന്നിവരാണ് പിടിയിലായത്. ബേസ് മൂവ്മെന്റ് എന്ന സംഘടനയുമായി ബന്ധമുള്ള ഇവരെ തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയടക്കം രാജ്യത്തെ 22 പ്രമുഖ വ്യക്‌തികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസുകളിലും ഇവർ പ്രതികളാണെന്നാണു സൂചന. സംഭവവുമായി ബന്ധമുള്ള മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.മൈസൂർ, നെല്ലൂർ, ചിറ്റൂർ കോടതിവളപ്പുകളിലും കൊല്ലം, മലപ്പുറം മാതൃകയിൽ സ്ഫോടനങ്ങൾ നടന്നിരുന്നു. ഈ സ്ഫോടനങ്ങൾക്കെല്ലാം പിന്നിൽ അറസ്റ്റിലായവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തി. കൊല്ലത്തെ കോടതി വളപ്പിൽ കിടന്ന ജീപ്പിലുണ്ടായ സ്ഫോടനത്തിന് പിന്നിലും ഇവർ പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ട്.