ശബരിമലയിൽ ഭക്തരെ അകറ്റാനുള്ള മാസ്റ്റർ പ്ലാനാണ് നടപ്പാക്കുന്നത്; സർക്കാരും പൊലീസും പരാജയപ്പെട്ടു. പൊൻ രാധാകൃഷ്ണൻ
- 22/11/2018

ശബരിമലയിൽ ഭക്തരെ അകറ്റാനുള്ള മാസ്റ്റർ പ്ലാനാണ് നടപ്പാക്കുന്നത്; സർക്കാരും പൊലീസും പരാജയപ്പെട്ടു.;;പൊൻ രാധാകൃഷ്ണൻ.... ശബരിമല കേരളത്തിന്റെ മാത്രമല്ലെന്നു കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ. രാജ്യത്തെ മുഴുവൻ ഭക്തർക്കും ശബരിമലയിൽ എത്താനുള്ള സൗകര്യമുണ്ടാകണം. നിലയ്ക്കിൽ നിന്നു പമ്പയിലേക്കും വരുന്ന ബസിൽ 50 തീർഥാടകരുണ്ട്. ഇങ്ങനെയാകുമ്പോൾ നിരോധനാജ്ഞയ്ക്ക് അർഥമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിൽ നിന്നു ഭക്തരെ അകറ്റാനുള്ള മാസ്റ്റർ പ്ലാനാണ് ഇപ്പോൾ നടപ്പാക്കുന്നത്. വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടു. എസ്പി യതീഷ് ചന്ദ്ര ശബ്ദമുയർത്തി ചോദ്യങ്ങൾ ചോദിച്ചത് ശരിയാണോയെന്നു ചിന്തിക്കണമെന്നു കേന്ദ്ര മന്ത്രി പറഞ്ഞു. കേരളത്തിലെ ഒരു മന്ത്രിയോട് അദ്ദേഹം ഇങ്ങനെ ചോദിക്കുമോയെന്നും പൊൻ രാധാകൃഷ്ണൻ ചോദിച്ചു. നേരത്തെ, പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും നിലയ്ക്കലിൽ സുരക്ഷാചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. കെഎസ്ആർടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാൽ കെഎസ്ആർടിസി ബസ് അവിടെ പാർക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങൾ പോയാൽ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നൽകി. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എസ്പിയോട് തട്ടിക്കയറി. മന്ത്രി ഉത്തരവിട്ടാൽ ഗതാഗതം അനുവദിക്കാമെന്നായിരുന്നു എസ്പിയുടെ മറുപടി. അതിനു തനിക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. പിന്നീട് മന്ത്രിയും സംഘവും ബസിൽ പമ്പയിലെത്തി മല കയറാൻ തുടങ്ങി.