കറൻസിരഹിത ഇന്ത്യ ലക്ഷ്യം: മോദി
- 28/11/2016

ന്യൂഡൽഹി: നോട്ടുകൾ പിൻവലിച്ച വിഷയത്തിൽ മൻ കി ബാത്തിൽ മനസു തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകൾ റദ്ദാക്കിയതിനുശേഷം ചിലർ പാവപ്പെട്ടവരെ ഉപയോഗിച്ചു കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇത്തരക്കാരെ ശക്‌തമായി നേരിടണമെന്നും മോദി മുന്നറിയിപ്പു നൽകി.കള്ളപ്പണം വെളുപ്പിക്കാൻ സാധാരണക്കാരായ ജനങ്ങളെ ഉപയോഗിക്കുന്ന നടപടിയിൽനിന്ന് പിന്മാറണം. പാവങ്ങളുടെ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ച് അവരെ കുടുക്കാനുള്ള ശ്രമത്തെ ശക്‌തമായി നേരിടും. ഇത്തരക്കാരെ നേരിടാൻ ബിനാമി നിയമം രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മൻ കി ബാത്തിലാണ് മോദി ഇക്കാര്യം വ്യക്‌തമാക്കിയത്.കറൻസിരഹിത ഇന്ത്യയാണ് സർക്കാരിന്റെ ലക്ഷ്യം. വ്യാപാരികൾക്കും ജനങ്ങൾക്കും ഡിജിറ്റൽ ഇടപാടിലേക്കു മാറുന്നതിനുള്ള അവസരമാണിത്. ഇത് പെട്ടെന്നു നടപ്പാക്കാവുന്ന ഒന്നല്ല. ഘട്ടംഘട്ടമായി കറൻസിയുടെ ഉപയോഗം കുറച്ചുകൊണ്ടുവരും. ചെറുകിട സംരംഭകർക്കു പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അറിയാം. എന്നാൽ, അതിലേക്കു മാറിയാൽ അവർക്ക് കൂടുതൽ ഗുണം ചെയ്യും. കടകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള നിയമം സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. വൻകിട മാളുകളുമായി മത്സരിക്കുന്നതിനു വേണ്ടിയാണിത്.തൊഴിലാളികൾക്കു മിനിമം വേതനം ലഭിക്കുന്നില്ല. ഇത് ബാങ്ക് വഴി വിതരണം ചെയ്യുന്നതിലൂടെ പരിഹരിക്കാനാകും. പത്തു കുടുംബങ്ങളെ എങ്കിലും മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് പരിചയപ്പെടുത്താൻ യുവാക്കൾ സമയം കണ്ടെത്തണം. ജനസംഖ്യയുടെ 65 ശതമാനം പേരും 30 വയസിൽ താഴെയുള്ള ഒരു രാജ്യത്തിന് സാധ്യമായില്ലെങ്കിൽ പിന്നെ ആർക്കാണ് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുക? നൂറുശതമാനം നോട്ടില്ലാത്ത സമൂഹം സാധ്യമല്ലെങ്കിലും കുറച്ച് മാത്രം നോട്ടുകൾ ഉപയോഗിക്കുന്ന സമൂഹമായി മാറാൻ കഴിയണമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.നോട്ട് റദ്ദാക്കിയതുമൂലം ജനങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, നോട്ട് റദ്ദാക്കലിന്റെ ഉദ്ദേശ്യശുദ്ധി മനസിലാക്കി അഴിമതി ഇല്ലാതാക്കാൻ ജനങ്ങൾ സർക്കാരിനോടു സഹകരിക്കുകയാണ്. ഇതിനു ജനങ്ങളോടു നന്ദി പറയുന്നു. നോട്ട് റദ്ദാക്കലിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ചില ശക്‌തികൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, അത്തരം ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞതായും മോദി അവകാശപ്പെട്ടു. പണമിടപാടുകളിലെ പ്രതിസന്ധികൾ 50 ദിവസത്തിനകം പരിഹരിക്കും. കഴിഞ്ഞ 70 വർഷത്തെ അഴിമതി പരിഹരിക്കുക അത്ര എളുപ്പമല്ല.ഇതിനു സമയമെടുക്കും. പാവപ്പെട്ടവർ റുപേ കാർഡ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നോട്ട് റദ്ദാക്കലിനുശേഷം റുപേ കാർഡിന്റെ ഉപയോഗം 300 ശതമാനം ഉയർന്നു. ആർക്കും ഉപയോഗിക്കാവുന്ന തരത്തിലേക്ക് ഓൺലൈൻ ഇടപാടുകൾ മാറിക്കഴിഞ്ഞു.ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ബാങ്ക് ജീവനക്കാർ, പോസ്റ്റ് ഓഫീസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ വളരെയധികം കഠിനാധ്വാനം ചെയ്തു. അവരോട് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.