കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിൽ കൂടുതൽ പങ്കാളിത്തത്തിനു നീക്കമുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ
- 20/09/2018

ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു ഹൈക്കോടതി ജംക്ഷനിൽ നിരാഹാരസമരം നടത്തുന്ന പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിലും ഇവർ നിരാഹാര സമരം തുടരുകയാണ്. സമരവേദിയിൽ പരാതിക്കാരിയുടെ സാന്നിധ്യത്തിന്റെ പ്രതീകമായി അവരുടെ രേഖാചിത്രം സ്ഥാപിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിൽ കൂടുതൽ പ്രവർത്തക പങ്കാളിത്തത്തിനു നീക്കമുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ. ഇതിന്റെ പശ്ചാത്തലത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്ന സ്ഥലത്തു കനത്ത സുരക്ഷയാണു പൊലീസ് ഒരുക്കിയത്. ക്രൈംബ്രാഞ്ച് ഓഫിസ് മതിൽ കെട്ടിനുള്ളിലേയ്ക്കു മാധ്യമ പ്രവർത്തകരെയോ പൊതുജനങ്ങളെയോ കടത്തിവിട്ടില്ല. സാമൂഹിക പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, സമരസമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി, ലൈല ഷമീർ എന്നിവർ പ്രസംഗിച്ചു. ഐജി ഓഫിസിന് സമീപം പൊലീസ് മാർച് തടഞ്ഞു. തുടർന്നു റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച സേവ് അവർ സിസ്റ്റേഴ്സ് ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് വടകരയിൽ നിന്നെത്തിയ റവല്യൂഷണറി യൂത്തിന്റെ നേതൃത്വത്തിലുള്ള പെൺകുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റൈറ്റേഴ്സ് ഫോറം സംഘടന പ്രതിനിധികളും പിന്തുണയുമായെത്തി. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് അടക്കമുള്ള പൊതുപ്രവർത്തകരും സമരവേദിയിലെത്തി