നിപ്പാ പരിഭ്രാന്തിക്കു കാര്യമില്ലെന്നു ആരോഗ്യമന്ത്രി : സംസ്ഥാനമാകെ ജാഗ്രതാനിർദേശം
- 22/05/2018

പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത വൈറസ് രോഗങ്ങൾ കേരളത്തിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടയ്ക്കിടെ പടരാറുണ്ട്. ഇപ്പോൾ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കണ്ടെത്തിയിരിക്കുന്ന നിപ്പാ വൈറസ് രോഗബാധ കേരളമാകെ ഭീതി സൃഷ്ടിക്കുന്നു. നിപ്പാ വൈറസ് ബാധിച്ച് ഏതാനുംപേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ചിലർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പു സംസ്ഥാനമാകെ ജാഗ്രതാനിർദേശം നൽകി. അതേസമയം, പരിഭ്രാന്തിക്കു കാര്യമില്ലെന്നു വകുപ്പ് അധികൃതർ സമാധാനിപ്പിക്കുന്നുണ്ട്. മണിപ്പാൽ വൈറോളജി റിസർച്ച് സെന്റർ, പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയെത്തുടർന്നാണു നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചത്. അടിയന്തര ഇടപെടലുകൾ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടെങ്കിലും സർക്കാർ തലത്തിലുള്ള ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത വലിയ കുറവുതന്നെയാണ്. അതുകൊണ്ടുതന്നെയാവാം സ്വകാര്യ ചികിത്സാമേഖലയുടെ സഹായവും ഈ ഘട്ടത്തിൽ ആരോഗ്യമന്ത്രി പ്രത്യേകമായി ആവശ്യപ്പെട്ടു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ സമൂഹം ഒറ്റക്കെട്ടായി നിന്നു പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുകൊള്ളണം. സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും-പ്രത്യേകിച്ച് ആരോഗ്യമേഖല- ഉണർന്നു പ്രവർത്തിക്കുകയും വേണം. കേന്ദ്രസംഘം ഉടനേ എത്തിയത് വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നു. എയിംസിൽനിന്നുള്ള പ്രത്യേക സംഘവും ഉടൻ എത്തും.