മാവോയിസ്റ്റുകളുടെ മരണം യന്ത്രത്തോക്കിൽനിന്നുള്ള വെടിയേറ്റ്
- 27/11/2016

കോഴിക്കോട്: നിലമ്പൂർ കരുളായി വനമേഖലയിൽ പൊലീസിന്റെ വെടിയേറ്റുമരിച്ച ആന്ധ്ര കൃഷ്ണഗിരി സ്വദേശി ചെട്ടിയാമ്പട്ടി അംബേദ്കർ കോളനി സ്വദേശി ദുരൈസ്വാമിയുടെ മകൻ കുപ്പു ദേവരാജ് (60), ചെന്നൈ പുത്തൂർ സ്വദേശിനി കാവേരി എന്ന അജിത (46) എന്നിവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്തു.യന്ത്രത്തോക്കിൽനിന്നുള്ള വെടിയേറ്റ് ഇരുവരും തത്ക്ഷണം മരിച്ചതായാണു പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് ടീമിന്റെ പ്രാഥമിക കണ്ടെത്തൽ. ഫോറൻസിക് വിഭാഗം മേധാവി ഡോ. കെ.പ്രസന്നന്റെ നേതൃത്വത്തിൽ രണ്ട് ടീമായിട്ടായിരുന്നു നടപടി. ഡോക്ടർമാരായ കൃഷ്ണകുമാർ, ഡി. പ്രജിത്, നിഷ എന്നിവർ കുപ്പു ദേവരാജിന്റെയും, ആർ.സോനു, രതീഷ്, ഗോപകുമാർ എന്നിവർ അനിതയുടെയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു.കുപ്പുസ്വാമിയുടെ അമ്മയും സഹോദരങ്ങളും ശനിയാഴ്ച രാവിലെതന്നെ മെഡിക്കൽ കോളേജ്് മോർച്ചറിയിൽ എത്തിയിരുന്നു. അമ്മ അമ്മിണി, സഹോദര ങ്ങളായ ഡി. ശ്രീധരൻ (ബാബു), ആരോഗ്യം, ധരണി, ശ്രീധരന്റെ ഭാര്യ ലക്ഷ്മി എന്നിവരാണ് ആശുപത്രിയിൽ എത്തിയത്. കുപ്പുസ്വാമിയുടെ മൃതദേഹം ശ്രീധരൻ തിരിച്ചറിഞ്ഞു. സഹോദരങ്ങളെയും മൃതദേഹം കാണിച്ചു. അനിതയുടെ ബന്ധുക്കളാരും എത്തിയിരുന്നില്ല. രാവിലെ മനുഷ്യാകാശ പ്രവർത്തകരും‘പോരാട്ടം’ പ്രവർത്തകരും മോർച്ചറിക്കു മുന്നിൽ മുദ്രാവാക്യം മുഴക്കിയത് നേരിയ സംഘർഷത്തിനിടയാക്കി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എം.എൻ. രാവുണ്ണി, ഗ്രോവാസു, മാണി, അഭിലാഷ് പടച്ചേരി, നസീറ, സപ്നേഷ് ബാബു, ജനനി തുടങ്ങി 22 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ എം.എൻ.രാവുണ്ണിയെ മറ്റൊരു കേസിൽ അറസ്റ്റ് രേഖപ്പെടുത്തി മാനന്തവാടി പോലീസിനു കൈമാറി. 35 വർഷമായി മകൻ എവിടെയെന്നതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് കുപ്പു ദേവരാജിന്റെ അമ്മ അമ്മിണി പറ ഞ്ഞു. കുപ്പുവിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. അവരെക്കുറിച്ചും ഒന്നുമറിയില്ല. ഇപ്പോൾ താമസിക്കുന്ന ബംഗളൂരുവിൽ പോലീസ് പ്രശ്നമുണ്ടാക്കുന്നതിനാൽ മകന്റെ മൃതദേഹം ഏറ്റുവാങ്ങി അവിടേക്കു കൊണ്ടുപോകാൻ ഭയമാണെന്നു പൊട്ടിക്കരഞ്ഞുകൊണ്ട് വൃദ്ധയായ അമ്മിണി പറഞ്ഞു.