ഹോട്ടലുകളിൽ തീവില
- 27/11/2016

തിരുവല്ല: ഹോട്ടൽ ഭക്ഷണത്തിന് തീ വില. നിയന്ത്രിക്കാൻ അധികൃതർ ഇടപെടുന്നില്ലെന്ന് പരാതി. പത്തനംതിട്ട മുനിസിപ്പൽ പ്രദേശത്തും ടൗണിലും മുന്നറിയിപ്പില്ലാതെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണ സാധനങ്ങൾക്കും ഊണിനും ചായക്കുമൊക്കെ അമിത വില ഈടാക്കി വരുന്നതായാണ് പരാതി. കഴിഞ്ഞ ശബരിമല തീർഥാടനം വരെ ഊണിന് 50 രൂപയും ചായക്ക് ഏഴ് രൂപയുമായിരുന്നു ഈടാക്കിയത്. എന്നാൽ, തീർഥാടനകാലം കഴിഞ്ഞതോടെ വ്യാപാരികൾ തോന്നിയ വില ഈടാക്കുകയാണ്. മിക്ക ഭക്ഷണ സാധനങ്ങൾക്കും 25 ശതമാനം വരെ അടുത്തയിടെ വില വർധിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഹോട്ടലുകാർ ഏകപക്ഷീയമായി വില വർധിപ്പിക്കുകയാണ്. നഗരത്തിലെ ഭക്ഷണശാലകൾ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി, ജനങ്ങളെ പിഴിയുന്നത് നിർബാധം തുടരുകയാണ്. 2011 ലെ പുതിയ ഭക്ഷ്യസുരക്ഷാ നിയമത്തെ തുടർന്ന് ഹോട്ടലുകൾക്ക് ഗ്രേഡിംഗ് ഏർപ്പെടുത്താനും ആലോചനകളുണ്ടായിരുന്നു. എന്നാൽ ഗ്രേഡിംഗ് മാത്രം നടന്നില്ല. എല്ലാ ഭക്ഷണശാലകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നാണ് നിർദേശമെങ്കിലും പാലിക്കുന്നവ വളരെ കുറച്ച് മാത്രമേയുള്ളൂ. മിക്കയിടങ്ങളിലും വിലവിവരപ്പട്ടിക തന്നെ കാണാൻ കഴിയില്ല. ചിലയിടത്ത് മെനു കാർഡാകും നൽകുക. ഉച്ചയൂണ് ഓർഡർ ചെയ്തതിനു പിന്നാലെ വരുന്ന സ്പെഷലും കഴിച്ച് ബില്ലുവരുമ്പോഴാണ് സാധാരണക്കാരൻ ഞെട്ടുന്നത്. ഒരേ നിലവാരത്തിലുള്ള ഭക്ഷണശാലകളിൽ സാധാരണ ഊണിന് 60 മുതൽ 90 രൂപ വരെ വാങ്ങുന്നഇടങ്ങളുമുണ്ട്. ബിരിയാണിയുടെയും മസാലദോശയുടെയും കാര്യത്തിലും ഇതു തന്നെയാണ് സ്‌ഥിതി. 120 രൂപ മുതൽ 200 രൂപ വരെ ബിരിയാണിക്ക് വില വ്യത്യാസമുണ്ട്. ചായയും മസാലദോശയും കഴിച്ചാലുള്ള സ്‌ഥിതിയും ഇതു തന്നെയാണ്. മസാലദോശയുടെ വില ഇടക്കിടെമാറും. 45 മുതൽ 70 രൂപ വരെയാണ് മസാലദോശയ്ക്ക്് ഈടാക്കുന്നത്. നഗരപരിധിയിൽ ചെറുതും വലുതുമായ ഹോട്ടലുകളും ചെറുകിട ഭക്ഷണശാലകളും ചായക്കടകളും നിരവധിയാണ്. ഓരോ ജംഗ്ഷനിലും ചായയുടെ വിലയും പലതരത്തിലാണ്. എട്ടു മുതൽ പത്തുവരെയാണ് സാധാരണ തട്ടുകടകളിലെ വില. ഉഴുന്നുവടയുടെയും പരിപ്പുവടയുടെയും തട്ടുദോശയുടെയും കാര്യത്തിലും വിലയുടെ സ്‌ഥിതി ഒട്ടും മാറുന്നില്ല. നിയമമനുസരിച്ച് വില നിശ്ചയിക്കാൻ അവകാശമുണ്ടെന്നു കാട്ടിയാണ് ഭക്ഷണശാലകൾ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. മുതൽ മുടക്കിനും ചെലവിനും സേവനത്തിനുമനുസരിച്ച് വിലനിർണയാവകാശം തങ്ങൾക്കാണെന്ന വാശിയും ഇക്കൂട്ടർ കാട്ടുന്നുണ്ട്. മുൻവർഷങ്ങളിൽ ശബരിമല തീർഥാടനത്തിനു മുമ്പായി വിലനിർണയം നടത്തി ജില്ലാ കളക്ടർ പട്ടിക പ്രസിദ്ധീകരിക്കുമായിരുന്നു. ഇത്തവണ അതുണ്ടായിട്ടില്ല. വില ഏകീകരിക്കുന്നതിലേക്ക് സർക്കാർതലത്തിൽ തീരുമാനമെടുക്കാനാണ് കോടതി നിർദേശിച്ചത്.ഗ്രേഡിംഗ് സംവിധാനം നടപ്പാക്കാതെ ഇക്കാര്യത്തിലും മാറ്റമുണ്ടാകാനിടയില്ല. സമീപ ജില്ലയായ കൊല്ലം ജില്ലയിൽ വെജിറ്റേറിയൻ ഊണിന് 45 രൂപ മാത്രമാണ് ഈടാക്കുന്നത്. ആലപ്പുഴയിലും ഭക്ഷണ സാധനങ്ങൾക്ക് വിലക്കുറവാണ്. ജില്ലയിൽ പുറത്തുനിന്നുള്ള തൊഴിലാളികളും മറ്റ് ജീവനക്കാരും കൂടുതലായും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. കൂടിയ വില വാങ്ങി ഏറ്റവും മോശമായ ഭക്ഷണമാണ് നൽകുന്നത്. ജില്ലയിൽ അടിക്കടി ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കുന്നതിനെതിരെ വിവിധ സംഘടനകൾ പരാതി നൽകി. പഴകിയ ഭക്ഷണം പിടിച്ചെടുത്ത പലഹോട്ടലുകളും കൊള്ളവിലയാണ് ജനങ്ങളിൽ നിന്ന് ഈടാക്കുന്നത്