പെൻഷൻ പ്രായം:::::പിജി ഡോക്ടർമാർ അനിശ്ചിതകാല സമരം ആരംഭിക്കും
- 29/12/2017

ആരോഗ്യമേഖലയിൽ പെൻഷൻ പ്രായം കൂട്ടിയുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ പിജി ഡോക്ടർമാർ ഇന്നുമുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കും. ഇന്ന് എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലെയും പി.ജി, സീനിയർ റസിഡന്റ്സ് ഡോക്ടർമാരും ഹൗസ് സർജൻമാരും പഠിപ്പുമുടക്കി സമരം നടത്തും. സമരത്തിന്റെ ആദ്യഘട്ടത്തിൽ അത്യാഹിതം, ലേബർ റൂം, ഐസിയു എമർജൻസി ഓപ്പറേഷൻ തിയറ്റർ എന്നിവിടങ്ങളിൽ സമരമുണ്ടാകില്ല. എന്നാൽ, ഈ സ്ഥലങ്ങളിൽ ഇപ്പോൾ നിയോഗിച്ചിട്ടുള്ളവർക്കു പുറമേ അധിക ഡ്യൂട്ടിയായി ഡോക്ടർമാർ സേവനം അനുഷ്ഠിക്കില്ല. കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിയും കേരള മെഡിക്കോസ് ജോയിന്റ് ആക്ഷൻ കൗണ്‍സിൽ നേതാക്കളും തമ്മിൽ വിഷയം ചർച്ച ചെയ്തിരുന്നു. അടുത്ത മന്ത്രിസഭായോഗത്തിൽ ആവശ്യങ്ങൾ അവതരിപ്പിക്കാമെന്ന ഉറപ്പാണു മന്ത്രി കെ.കെ ശൈലജ അന്നു നല്‍കിയത്. എന്നാൽ, ഈ വിഷയം മന്ത്രിസഭായോഗത്തിൽ ചർച്ചയ്ക്കെടുത്തില്ലെന്നും അതുകൊണ്ടാണു സമരത്തിലേക്കു നീങ്ങുന്നതെന്നും ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് ഡോ.യു.ആർ. രാഹുൽ പറഞ്ഞു.