ജില്ലാ സ്കൂൾ കായിക മേളയ്ക്ക് തുടക്കം
- 27/11/2016

തിരുവനന്തപുരം: 15–ാമത് തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനു കാര്യവട്ടം എൽഎൻസിപിഇ ഗ്രൗണ്ടിൽ പ്രൗഢോജ്വല തുടക്കം. ആദ്യ ദിനം ട്രാക്കിലും ഫീൽഡിലുമായി 35 ഫൈനലുകൾ പൂർത്തിയായപ്പോൾ എട്ട് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 79 പോയിന്റുമായി നെയ്യാറ്റിൻകര ഉപജില്ലയാണ് ഒന്നാമത്. അഞ്ച് സ്വർണവും ഏഴ് വെള്ളിയും നാല് വെങ്കലവുമടക്കം 71 പോയിന്റോടെ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം നോർത്ത് രണ്ടാം സ്‌ഥാനത്തുണ്ട്. 15 പോയിന്റുമായി പാറശാല ഉപജില്ലയാണ് മൂന്നാം സ്‌ഥാനത്ത്. സ്കൂൾ തലത്തിൽ ഒരു സ്വർണവും നാല് വെള്ളിയും അടക്കം 17 പോയിന്റുമായി ഹോളി ഏഞ്ചൽസ് കോൺവെന്റ് എച്ച്എസ് (തിരുവനന്തപുരം നോർത്ത്) ആണ് ഒന്നാം സ്‌ഥാനത്ത്. മൂന്ന് സ്വർണവും ഒരു വെങ്കലുമടക്കം 16 പോയിന്റുമായി എംവിഎച്ച്എസ്എസ് അരുമാനൂർ (നെയ്യാറ്റിൻകര) രണ്ടം സ്‌ഥനത്തും 14 പോയിന്റുമായി പികെഎസ്എച്ച്എസ്എസ് കാഞ്ഞിരംകുളം സ്കൂളുമാണ് (നെയ്യാറ്റിൻകര) മൂന്നാം സ്‌ഥാനത്ത്. സബ് ജൂണിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ എം. ധീരജ് ( പിആർഡബ്ള്യുഎച്ച്എസ്എസ് കാട്ടാക്കട) സ്വർണം നേടിയപ്പോൾ എസ്. മുഹമ്മദ് ഫാരിസ് (സെൻറ് ജോസഫ് എച്ച്എസ്എസ്) വെള്ളി നേടി. 600 മീറ്ററിൽ സായിയുടെ ജോയൽ പനച്ചിക്കൽ ഒന്നാം സ്‌ഥാനത്തെത്തിയപ്പോൾ ജി.വി രാജയുടെ ജെ.എ അജയ്ക്ക് രണ്ടാം സ്‌ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആൺകുട്ടികളുടെ ലോംഗ് ജംപിൽ ജിഎച്ച്എസ്എസ് പാളയംകുന്നിലെ നമ്പീൽ മുഹമ്മദ് സ്വർണം നേടിയപ്പോൾ ജി.വി രാജയുടെ വി. വിഷ്ണു വെള്ളിയും നേടി. സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ സായിയുടെ പി. ഹരിപ്രിയ സ്വർണവും കോട്ടൺഹിൽ സ്കൂളിലെ അനു എസ്. കൃഷ്ണ വെള്ളിയും നേടി. ജൂനിയർ ആൺകുട്ടികളുടെ ലോംഗ് ജംപിൽ ബി.ടി അമല (പികെഎസ്എച്ച്എസ്എസ് കാഞ്ഞിരംകുളം) ഒന്നാം സ്‌ഥാനവും എസ്.ഡി. ധീരജ് (ജിവിഎച്ച്എസ്എസ് നെഞ്ചേക്കാട് ) രണ്ടാം സ്‌ഥാനവും നേടി. സീനിയർ പെൺകുട്ടികളുടെ 5000 മീറ്റർ ഓട്ടത്തിൽ അഞ്ജലി അനിൽകുമാർ (എംവിഎച്ച്എസ്എസ് അരുമാനൂർ) സ്വർണം നേടി. സബ് ജൂണിയർ പെൺകുട്ടികളുടെ ഹൈജംപിൽ ഹോളി ഏഞ്ചൽസ് കോൺവെന്റ് എച്ച്എസിലെ ദേവിക എസ്. മധു സ്വർണവും അലിന്റാ തോമസ് വെള്ളിയും സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ 4 ഃ100 റീലേയിൽ തിരുവനന്തപുരം നോർത്ത് സ്വർണം നേടിയപ്പോൾ നെയ്യാറ്റിൻകര ഉപജില്ലക്ക് വെള്ളിയും തിരുവനന്തപുരം സൗത്തിനു വെങ്കലവും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സീനിയർ ആൺകുട്ടികളുടെ 4ഃ100 റിലേയിൽ സ്വർണവുമായി തിരുവനന്തപുരം നോർത്ത് ആധിപത്യം തെളിയിച്ചപ്പോൾ നെയ്യാറ്റിൻകരക്കും പാറശാലക്കും രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ ഒതുങ്ങി. സീനിയർ ആൺകുട്ടികളുടെ 800 മീറ്ററിൽ സായിയുടെ അഭിനന്ദ് സുന്ദരേശൻ സ്വർണവും സായിയുടെ തന്നെ പി.വി. ശ്രീരാഗ് വെള്ളിയും നേടി.അത്ലറ്റിക്സ് മീറ്റ് രാവിലെ 9.30 ന് മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.എസ്. ഷീല, എസ് .ബിന്ദു, വിദ്യാഭ്യാസ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ പി. മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം.കെ. ഷൈൻമോൻ സ്വാഗതവും കൺവീനർ എസ്. സുനിൽകുമാർ നന്ദിയും പറഞ്ഞു. മീറ്റിെൻറ രണ്ടാം ദിവസമായ ഇന്ന് 30 ഫൈനലുകൾ നടക്കും