പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. മുഖ്യമന്ത്രിയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമർശം ചൂണ്ടിക്കാട്ടിയാണ് ഹർജി. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുമുള്ള ഭരണഘടനാപരമായ അവകാശം നഷ്ടപ്പെട്ടുവെന്നും ഹർജിയിൽ പറയുന്നു. കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം നേമം സ്വദേശി ആർ.എസ്. ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തോമസ് ചാണ്ടിയുടെ രാജിയും മന്ത്രിസഭാ ബഹിഷ്കരണവും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഭൂമികൈയേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കളക്ടർ ടി.വി. അനുപമയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി തള്ളിയ ഹൈക്കോടതി മന്ത്രിസഭയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. ഹർജി നൽകിയ മന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്നായിരുന്നു വിലയിരുത്തൽ.