ഭീകരത സൃഷ്ടിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ സ്കൂള്‍ പരിസരത്തു നിന്നും നീക്കം ചെയ്യണം. നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഊരുട്ടുകാല മൂന്നുകല്ലിന്‍മൂട് ഭാഗത്താണ് ഭീകരത സൃഷ്ടിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത്. നഗരത്തിലെ പ്രധാന രണ്ടു സ്കൂളുകള്‍ ഈ ഭാഗത്താണുള്ളത്. ഡോ.ജി.ആര്‍. പബ്ളിക് സ്കൂളും എം.റ്റി.എച്ച്.എസ് ഊരുട്ടുകാലയും. രണ്ടു സ്കൂളിലേക്ക് പ്രതിദിനം നൂറുകണക്കിന് കുട്ടികളാണ്. ഈ ജംഗ്നിലും റോഡിലൂടെയും കടന്നുപോകുന്നത്. കൊലപാതകത്തിന്‍റെ ഭീകരമുഖം ചിത്രങ്ങളാക്കിയ വലിയ ഫ്ളക്സ് ബോര്‍ഡുകള്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിവച്ചിരിക്കുന്നു. ചോരചിന്തിയ ജഡങ്ങളും ചോര പുരണ്ട കഠാരയും കുട്ടികളുടെ മനസ്സില്‍ ഭയത്തിന്‍റെയും വിദ്വേഷത്തിന്‍റെയും അലകള്‍ സൃഷ്ടിക്കുമെന്ന് രക്ഷകര്‍ത്താക്കള്‍ ആശങ്കപ്പെടുകയാണ്. ജാതിമത വര്‍ഗ്ഗീയ സംഘടനകളും പുരോഗമന മുഖമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും കുരുന്നുകളുടെ മനസ്സില്‍ വിദ്വേഷത്തിന്‍റെ വിത്തുപാകുന്നത് വരുംതലമുറയ്ക്ക് അപകടമെന്നുറപ്പാണ്. നഗരസഭയുടെ അനുമതിയില്ലാത്ത ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും എടുത്തുമാറ്റാന്‍ ജില്ലാകളക്ടര്‍ പബ്ലിക്വര്‍ക്സ് ഡിപ്പാര്‍ട്ടുമെന്‍റിന് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പി.ഡബ്ള്യു.ഡി എക്സിക്യുട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ ഒരു കരാറുകാരനെ ചുമതലപ്പെടുത്തുകയും അയാള്‍ ഒരു മാസം മുമ്പ് നഗരത്തിലെ അനധികൃത ബോര്‍ഡുകള്‍ കുറച്ച് നീക്കം ചെയ്യുകയുണ്ടായി. എന്നാല്‍ ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ നഗരം വീണ്ടും ഫ്ളക്സ്ബോര്‍ഡുകളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഊരുട്ടുകാല മൂന്നുകല്ലിന്‍മൂട് ഭാഗത്ത് സമീപദിവസങ്ങളില്‍ സംഘര്‍ഷ സാധ്യതയുടെ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുകയാണ്. ക്രമസമാധാന ചുമതലയ്ക്ക് ബധ്യതപ്പെട്ടവര്‍ ഇത്തരം പ്രകോപനമുണ്ടാക്കുന്ന പ്രവൃത്തികള്‍ ശ്രദ്ധിക്കേണ്ടതാകുന്നു. പോലീസിന്‍റെ രഹസ്യാന്വേക്ഷണ വിഭാഗം ഈ മേഖലയില്‍ ക്രമസമാധാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഉന്നതപോലീസ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണ് അറിയാന്‍ കഴിഞ്ഞത്. നഗരത്തിന്‍റെ ക്രമസമാധാനവും പൊതുജനങ്ങളുടെ ഭീതിയും അകറ്റാന്‍ അത്യാവശ്യമായ എല്ലാ നടപടികളും അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ പച്ചമനുഷ്യന്‍റെ ചോരവീഴുന്നത് നമുക്ക് കാണേണ്ടിവരും.