നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികം; കരിദിനം ആചരിച്ച് വ്യാപാരി വ്യവസായി സമിതി

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര വ്യാപാരി വ്യവസായി സമിതി ഏര്യാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് എല്ലാ ഏര്യാ കേന്ദ്രങ്ങളിലും എസ്.ബി.ഐയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. നെയ്യാറ്റിന്‍കര എസ്.ബി.ഐയ്ക്ക് മുന്നില്‍ നടന്ന ധര്‍ണ കെ.ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനം സാധാരണ ജന ജീവിതത്തി ന്‍റെ താളം തെറ്റിച്ചിരിക്കുകയാണ്. ചെറുകിട വ്യാപാരികളും വ്യവസായികളും അവരുടെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. അത്തരം സ്ഥാപനങ്ങളില്‍ പണിയെടുത്തിരുന്ന തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെട്ടു. ആത്മഹത്യയുടെ വക്കിലാണ് സാധാരണ വ്യാപാരികളും വ്യവസായികളും ഇന്ന് എത്തി നില്‍ക്കുന്നതെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. ഈ ദുരവസ്ഥ തന്നെയാണ് രാജ്യത്തെ കര്‍ഷകരും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും നേരിടുന്നത്. ഇത്തരം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടും പ്രധാന മന്ത്രിയും റിസര്‍വ് ബാങ്ക് മേധാവിയും പല മൊടന്തന്‍ ന്യായങ്ങള്‍ നിരത്തി നോട്ട് നിരോധനത്തെ ന്യായീകരിക്കുന്നതായും എം.എല്‍.എ കുറ്റപ്പെടുത്തി. എന്നാല്‍ ഈ പൊളളത്തരം ഇന്ന് സാധാരണക്കാര്‍ തിരിച്ചറിഞ്ഞുയെന്ന് കെ.ആന്‍സലന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. വ്യാപാരി വ്യവസായി സമിതി ഏര്യാ പ്രസിഡന്‍റ് സുരേഷ്കുമാറി ന്‍റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണയില്‍ ഷാനവാസ് സ്വാഗതം പറഞ്ഞു. നഗരം ചുറ്റി സഞ്ചരിച്ച പ്രകടനത്തിന് കെ.പുരുഷോത്തമന്‍നായര്‍ , തുടങ്ങിയവര്‍ നേതൃത്വം നല്‍കി.