തൃശൂർ: സ്ത്രീസുരക്ഷയ്ക്കുവേണ്ടി വാദിച്ചവർ സ്ത്രീപീഡകരായി മാറുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വടക്കാഞ്ചേരി പീഡനക്കേസിലെ കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ചും ധർണയും അയ്യന്തോളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ ഭരണത്തിന്റെ തണലിൽ സംരക്ഷിക്കുന്ന കുറ്റകരമായ വീഴ്ചയാണ് സംസ്‌ഥാനത്തു കാണുന്നതെന്നും നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടികളാണ് സംസ്‌ഥാനത്തു നടക്കുന്നതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.ഡിസിസി പ്രസിഡന്റ് പി.എ.മാധവൻ അധ്യക്ഷത വഹിച്ചു. തേറമ്പിൽ രാമകൃഷ്ണൻ, ബെന്നി ബഹനാൻ, പത്മജ വേണുഗോപാൽ, ഒ.അബ്ദുറഹ്മാൻകുട്ടി, എം.പി.വിൻസന്റ്, ടി.വി.ചന്ദ്രമോഹൻ, സി.ഐ.സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.