മലപ്പുറം: ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ജില്ലയില്‍ മുടക്കമില്ലാതെ തുടരുമെന്നു കളക്ടര്‍ അമിത് മീണ. പൈപ്പ് ലെെൻ കടന്നുപോകുന്ന പ്രദേശത്തെ മുഴുവന്‍ ഭൂവുടമകളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തികൊണ്ടായിരിക്കും നടപ്പാക്കുകയെന്നും കളക്ടര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ എംഎല്‍എമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ ആളുകളെ നേരിട്ടു കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തകയാണെങ്കില് പദ്ധതിയോടു പൂര്‍ണമായി സഹകരിക്കുമെന്നു യോഗത്തില്‍ പങ്കടുത്ത എംഎല്‍എമാര്‍ കളക്ടര്‍ക്കു ഉറപ്പു നല്കി. എംഎല്‍എമാരുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച കളക്ടര്‍ പ്രദേശത്തെ എല്ലാവര്ക്കും നോട്ടീസ് നല്കുന്ന നടപടി ഇന്നു മുതല്‍ തുടങ്ങുമെന്നു അറിയിച്ചു. ഭൂവുടമള്ക്കു നല്കുന്ന നോട്ടീസില്‍ നഷ്ടപ്പെടുന്ന എല്ലാ വസ്തുക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തും. അലൈന്‍മന്റ് രേഖപ്പെടുത്തി നല്‍കുകയും ചെയ്യും. പൊതുജനങ്ങളുടെ മുഴുവന്‍ ആശങ്കകളും തീര്‍ക്കുന്ന രീതിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍, ഗെയില്‍ പ്രതിനിധികള്‍ തുടങ്ങിയവരും സംഘത്തിലുണ്ടാവും. അനാവശ്യമായി ഭീതിപരത്തുന്ന രീതിയില്‍ പോലീസിനെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഭൂവുടമകള്‍ക്കു കാര്‍ഷിക നഷ്ടം കണക്കാക്കി നല്കുന്നതിനു മലപ്പുറം ജില്ലയ്ക്ക് മാത്രമായി പ്രത്യേക പക്കേജുണ്ടാക്കും. ഇതിന്റെ ഭാഗമായി കാര്‍ഷിക നഷ്ടം കണക്കാക്കുന്നതിനു പ്രത്യേക സമിതിയുണ്ടാക്കും. ഇങ്ങനെ സമിതിയുണ്ടാക്കി പരമാവധി തുക ഭൂവുടമകള്‍ക്ക് നല്കാന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതിനായി കൃഷിവകുപ്പും ജനപ്രതിനിധികളും ചേര്‍ന്നു സമിതി ഉടന്‍ രൂപീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ പദ്ധതിയ്ക്ക് നിര്‍ദേശിച്ച സ്ഥലത്തുള്ള ഒരു വീടിനും നാശനഷ്ടമുണ്ടാകില്ല. ക്ഷേത്രങ്ങളും പള്ളികളും ശ്മശാനങ്ങളും സംരക്ഷിക്കും. 10 സെന്റിനു താഴെ സ്ഥലമുള്ള പ്രദേശങ്ങളില്‍ സ്ഥലത്തിന്റെ അരികു ചേര്‍ന്നു നിര്‍മാണം നടത്തും. ഭൂമിയുടെ ഉടമവാസ്ഥാവകാശം ഭൂവുടമയില്‍ തുടരും. പ്രദേശത്തിന്റെ സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കികൊണ്ടുള്ള യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നു കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ 14 വില്ലേജുകളിലായി 58.54 കിലോമീറ്ററാണ് പൈപ്പ് ഇടുന്നത്. ഇതില്‍ ഒരു കിലോമീറ്ററോളം സ്ഥലത്ത് ആദ്യഘട്ടം പണി തുടങ്ങിയിട്ടുണ്ട്്. ബാക്കിയുളളവര്ക്കാണു നോട്ടീസ് നല്കുന്ന നടപടി തുടങ്ങുകയെന്നും കളക്ടര്‍ അറിയിച്ചു. മലപ്പുറം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എം.ഐ ഷാനവാസ് എംപി എംഎല്‍എമാരായ പി. ഉബൈദുള്ള, എം. ഉമ്മര്‍, പി.കെ ബഷീര്‍, ആബിദ് ഹുസൈന് തങ്ങള്‍, അസിസ്റ്റന്റ് കളക്ടര്‍ അരുണ്‍ കെ. വിജയന്, ഡെപ്യൂട്ടി കളക്ടര്മാരയ വി. രാമചന്ദ്രന്, ഡോ.ജെഒ അരുണ്‍,സി. അബ്ദുള്‍ റഷീദ്, ആര്‍ഡിഒ കെ. അജീഷ്, ഗെയില്‍ ഡിജിഎം എന്‍.എസ് പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി ഉമ്മുകുല്‍സു, (ഇരുമ്പിളിയം) കമ്മദ്കുട്ടി (കുഴിമണ്ണ) ഷാജി സി.പി (കോഡൂര്‍), മുനവര്‍ (അരിക്കോട്) സുമയ്യ സലിം (പൂക്കോട്ടൂര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.