വീഡിയോ കാണാം : എസ്.പി.സിയുടെ ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം

നെയ്യാറ്റിന്‍കര: സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരി എന്ന വിപത്തിനെതിരെ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് പദ്ധതി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പരിപാടിയ്ക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട , നെയ്യാറ്റിന്‍കര താലൂക്കുകളിലെ വിവിധ സ്കൂളുകളിലെ എസ്.പി.സിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളും അധ്യാപകരും പൊലീസ് ഉദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നു ഇന്നലെ പരിപാടി സംഘടിപ്പിച്ചത്. നെയ്യാറ്റിന്‍കര ബി.എച്ച്.എസ്.എസ് , പാറശാല എച്ച്.എസ്.എസ് , മാരായമുട്ടം എച്ച്.എസ്.എസ് തുടങ്ങി സ്കൂളുകളിലെ 500 ഓളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. മുന്‍കാലാല്‍ കളിയ്ക്കാം ഫുട്ബോള്‍ പിന്‍കാലാല്‍ തൊഴിയ്ക്കാം ലഹരിയെ എന്ന സന്ദേശം ഉള്‍ക്കൊണ്ട് വിദ്യാര്‍ഥി സമൂഹത്തെയും പെതുജനങ്ങളെയും ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി ബി.എച്ച്.എസ്.എസ് അങ്കണത്തില്‍ കൂട്ടയോട്ടം നടന്നു. ഇന്നലെ രാവിലെ 10.00 ന് നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍ പേഴ്സണ്‍ ഡബ്ല്യു.ആര്‍.ഹീബ കൂട്ടയോട്ടം ഫ്ളാഗ് ഒഫ് ചെയ്തു. നെയ്യാറ്റിന്‍കര പട്ടണം ചുറ്റി ഓടിയെത്തിയ എസ്.പി.സി കേഡറ്റുകള്‍ നഗരസഭ സ്റ്റേഡിയത്തിലെത്തി. കെ.ആന്‍സലന്‍ എം.എല്‍.എ പ്രാവിനെ ആകാശ ത്തേയ്ക്ക് പറത്തി ലഹരിയ്ക്കെതിരെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു. സ ന്തോഷ് ട്രോഫി ഫുട്ബോള്‍ താരം ഡീസന്‍ സെല്‍വന്‍ ആദ്യ ഗോളടിച്ച് ലഹരി ക്കെതിരെ 1000 ഗോള്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയത്തില്‍ നിന്നും ഓടിയെത്തിയ കൂട്ടയോട്ടം ബി.എച്ച്.എസ്.എസില്‍ സമാപിച്ചു. സ്കൂള്‍ അങ്കണത്തില്‍ തയാറാക്കിയ കാന്‍വാസില്‍ ലഹരിക്കെതിരെ നടത്തുന്ന ഒപ്പു ശേഖരണം നര്‍ക്കോട്ടിക് സെല്‍ എസ്.പി ചന്ദ്ര മോഹന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥികളും ഒപ്പു വച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ഗാന്ധിയന്‍ പി.ഗോപിനാഥന്‍നായര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാര്‍ , സി.ഐ.അരുണ്‍ , എക്സൈസ് സി.ഐ ബഞ്ചമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.