കൊല്ലം(അമൃതപുരി): എല്ലാവർക്കും ഒരേപോലെ ജീവിതസൗകര്യങ്ങൾ നൽകുന്നതും സാധാരണക്കാരുടെ ജീവിതത്തിൽ പരിവർത്തനം വരുത്തുന്നതുമാണ് ആധ്യാത്മികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഈ രംഗത്ത് അമൃതാനന്ദമയീ മഠം നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ച് അമൃതാനന്ദമയീ മഠത്തിന്റെ മൂന്നു സേവനപദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം. മികച്ച സമൂഹം ഉണ്ടായാലേ ഐശ്വര്യസമ്പൂർണമായ രാഷ്ട്രമുണ്ടാകൂ. അമൃതാനന്ദമയീ മഠം നടത്തുന്ന ഇത്തരം സംരംഭങ്ങൾ ഈ ദിശയിലുള്ളതാണെന്നു രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതിയായതിനുശേഷം തന്റെ ആദ്യസന്ദർശനം ലഡാക്കിലേക്കായിരുന്നു. രാജ്യത്തിന്റെ വടക്കേ അറ്റത്തുള്ള ലഡാക്കിൽ നമ്മുടെ ധീരസൈനികരുടെ ഐതിഹാസിക ജീവിതമാണു കണ്ടത്. രണ്ടാമതായി വന്നതു കേരളത്തിലാണ്. കേരളം ആധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും മികച്ച സമ്മേളനവേദിയാണ്. ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും അയ്യൻകാളിയും ആധ്യാത്മികതയ്ക്കൊപ്പം സാമൂഹത്തിലും ഒരേപോലെ പരിവർത്തനം സൃഷ്ടിച്ചവരാണെന്നു രാഷ്ട്രപതി പറഞ്ഞു. മതസൗഹാർദത്തിലും കേരളത്തിന്റെ പാരമ്പര്യം ഉജ്വലമാണ്. ക്രൈസ്തവർ ഇന്ത്യയിൽ ആദ്യമെത്തിയതു കേരളത്തിലാണ്. ആദ്യ മുസ്ലിം പള്ളിയും കേരളത്തിലാണുണ്ടായത്. ജൂതരും റോമാക്കാരും ഒക്കെ കേരളത്തിലെത്തി പരസ്പര ധാരണയോടെ സഹവർത്തിത്തത്തോടെ ഒരോരുത്തരുടെയും വിശ്വാസത്തെ ആദരിച്ച് ജീവിച്ചു. ഈ പാരമ്പര്യം തികച്ചും അഭിമാനാർഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തിലും സാമൂഹ്യ പരിഷ്കരണത്തിലും ഈ മികവ് കാണാം. ആദിശങ്കരാചാര്യരും അയ്യൻകാളിയും കേരളത്തിന്റെ ദീപസ്തംഭങ്ങളാണ്. സഹജീവികളെ സ്നേഹിക്കുന്നതും ആരോഗ്യവും നല്ല വിദ്യാഭ്യാസവും തുല്യ അവസരവും നൽകുക എന്നതും അനിവാര്യമാണ്. ഈ ദിശയിലുള്ള അമൃതാനന്ദമയീ മഠത്തിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് രാഷ്ട്രപതി പറഞ്ഞു. മഠം 50,000 വിദ്യാർഥികൾക്കു നൽകുന്ന സ്കോളർഷിപ്പും പാവപ്പെട്ടവർക്കു നൽകുന്ന പെൻഷനും തുല്യ അവസരം നൽകുന്നതിൽ നിർണായകമാണ്. അമൃത വിശ്വവിദ്യാപീഠം രാജ്യത്തെ മികച്ച സർവകലാശാലയെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഡിഗ്രി നേടുന്നതല്ല വിദ്യാഭ്യാസം, നേടിയ ഡിഗ്രി രാഷ്ട്രനിർമാണത്തിനായി ഉപയോഗപ്പെടുത്തുന്നതാണ്. മാതാ അമൃതാനന്ദമയിയും വിദ്യാഭ്യാസത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണു പുലർത്തുന്നത്. ഗവേഷണത്തിനു പണം കിട്ടുന്നതോ എത്ര ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു എന്നതോ അല്ല ബുദ്ധിശക്തിയെ അളക്കുന്നത്. അതിനു പകരം പാവപ്പെട്ട സാധാരണക്കാർക്ക് എത്ര പ്രയോജനമുണ്ടായി എന്നതാണ് മാനദണ്ഡം. അമൃതാനന്ദമയിയുടെ ഈ വാക്കുകൾ വിദ്യാഭ്യാസത്തെക്കുറിച്ചു പുലർത്തുന്ന ചിന്തയുടെ പ്രതിഫലനമാണെന്നു രാഷ്ട്രപതി പറഞ്ഞു. കൊച്ചിയിലെ അമൃത ആശുപത്രി 43 ലക്ഷം പേർക്ക് സൗജന്യ ശസ്ത്രക്രിയ ഒരുക്കി എന്നത് മഠത്തിന്റെ പ്രവർത്തനത്തിലെ നാഴികക്കല്ലാണ്. ഡൽഹിക്കടുത്ത് ഫരീദാബാദിൽ മഠത്തിന്റെ പുതിയ ആശുപത്രി വരുന്നത് സേവനത്തിന്റെയും സാന്ത്വനത്തിന്റെയും രംഗത്ത് ഏറെ നിർണായകമായാണു താൻ കാണുന്നതെന്നു രാഷ്ട്രപതി പറഞ്ഞു. ഗവർണർ പി. സദാശിവം, മന്ത്രി കടകംള്ളി സുരേന്ദ്രൻ, കെ.സി. വേണുഗോപാൽ എംപി, ആർ രാമചന്ദ്രൻ എംഎൽഎ, അമൃതാനന്ദമയീ മഠം ട്രസ്റ്റ് വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി, എയിംസ് മെഡിക്കൽ ഡയറക്ടർ ഡോ പ്രേം നായർ എന്നിവർ പ്രസംഗിച്ചു.