പാനൂരിനടുത്ത് കൈവേലിക്കലില്‍ സിപിഎം പ്രതിഷേധ പ്രകടനത്തിനുനേരേ ബോംബേറ്. ബോംബേറിലും അക്രമത്തിലും സ്ത്രീകളുൾപ്പെടെ പത്തു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ സിപിഎം പുത്തൂർ ലോക്കൽ കമ്മിറ്റിയംഗം ഇ.എം. അശോകന്(57), കുനുമ്മല്‍ ബ്രാഞ്ച് സെക്രട്ടറി ഭാസ്കരന്(47), പ്രവര്‍ത്തകരായ കൈവേലിക്കലിലെ അമ്പുവിന്റെ പറമ്പത്ത് ചന്ദ്രന്(50), കാട്ടീന്റവിട ബാലന്(60), കാട്ടീന്റവിട മോഹനന്(45) എന്നിവരെ തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനുപിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പ്രകടനം നടക്കുന്നതിനിടെ ബോംബെറിഞ്ഞശേഷം പ്രകടനത്തിലേക്ക് ഇരച്ചുകയറി ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം എൻ. അനില്‍കുമാര്‍, പുത്തൂര്‍ ലോക്കല്‍ സെക്രട്ടറി പ്രജീഷ് പൊന്നത്ത് എന്നിവര്‍ക്ക് ബോംബിന്റെ ചീള് തെറിച്ചും പരിക്കേറ്റു. പാനൂര്‍ സിഐ എം. കെ. സജീവനു നേരേ കൈയേറ്റവുമുണ്ടായി. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സിഐക്കു നേരേ അക്രമമുണ്ടായത്. സിപിഎം പാനൂർ എരിയ സമ്മേളനത്തിന്റെ പ്രചാരണാർഥം സ്ഥാപിച്ച ബോർഡുകൾ കഴിഞ്ഞ ദിവസം തകർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടത്തിനു നേരേയാണ് അക്രമം നടന്നത്.