കുണ്ടറ: അനധികൃതമായി കരിഞ്ചന്തയിലേക്ക് കടത്തിക്കൊണ്ടുവന്ന മൂന്നുലോഡ് ഭക്ഷ്യസാധനങ്ങൾ കിഴക്കേകല്ലട എസ്ഐ ഷുക്കൂറും സംഘവും പിടിച്ചെടുത്തു.ഇന്നലെ പുലർച്ചെ 2.15ന് മൺട്രോതുരുത്തിലെ മണക്കടവ് ഭാഗത്ത് വച്ചാണ് മൂന്നു ലോറി ഭക്ഷ്യസാധനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തത്.ലോറി ഡ്രൈവർമാരായ കാർത്തികപ്പള്ളി മഹാദേവിക്കാട് രശ്മി നിവാസിൽ രതീഷ്, അയൽവാസിയായ ശ്യാം ഭവനിൽ ശ്യാംനാഥ്, ഹരിപ്പാട് ഉള്ളന്നൂർ ഹൗസിൽ സജികുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭക്ഷ്യസാധനങ്ങൾ അനധികൃതമായി കടത്തിക്കൊണ്ടിരുന്നതും അരി കള്ളക്കടത്തിന് സസ്പെൻഷൻ കഴിഞ്ഞ് അടുത്തിടെ റേഷൻകട തിരികെ ലഭിച്ചിട്ടുള്ളതുമായ ഒരു റേഷൻ വ്യാപാരിയാണ് മൂന്നുലോറികളിലായി ഭക്ഷ്യസാധനങ്ങൾ കടത്തിക്കൊണ്ട് വന്നതെന്ന് പോലീസ് പറയുന്നു.ലോറി ഡ്രൈവർമാരുടെ പക്കൽ നിന്ന് ആലപ്പുഴ ജില്ലയിലെ നന്മ സ്റ്റോറിന്റെ ഓഫീസ് സീൽ പതിച്ചതും പഴകിയതും കാലാവധി കഴിഞ്ഞതുമായ സാധനങ്ങൾ എന്ന് രേഖപ്പെടുത്തിയ കടലാസുകളും പോലീസ് പിടിച്ചെടുത്തു.മൺട്രോതുരുത്തിലെ റേഷൻകട വ്യാപാരികളായ സഹോദരന്മാരുടെ ഗോഡൗണിലേക്ക് ആലപ്പുഴയിൽ നിന്നാണ് അരിയും പലവൃഞ്ജന സാധനങ്ങളും കയറ്റിയതെന്ന് ലോറി ഡ്രൈവർമാർ പോലീസിനോട് പറഞ്ഞു. സാധനങ്ങൾ ഇവരുടെ ഗോഡൗണുകളിൽ എത്തിച്ചശേഷം പല ബ്രാന്റുകളിലായി മാർക്കറ്റിലെത്തിക്കുന്നതാണ് പഴയ കച്ചവടതന്ത്രം.എൽഡിഎഫ് പ്രവർത്തകർ നടത്തിയ രാപകൽ സമരമാണ് കള്ളക്കടത്തുകാർക്ക് വിനയായത്. ഇരുളിന്റെ മറവിൽ അനധികൃത സാധനങ്ങൾ മൂന്ന് ലോറികളിലായി കടത്തി ഗോഡൗണുകൾ നിറയ്ക്കാമെന്ന് ഇവരുടെ വ്യാമോഹമാണ് സമരക്കാർ പൊളിച്ചെറിഞ്ഞത്. സംശയം തോന്നിയ സമരക്കാർ ലോറികൾ തടഞ്ഞുനിർത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കിഴക്കേ കല്ലട പോലീസ് കേസെടുത്തു.