തിരുവനന്തപുരം: പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ സേവിക്കുന്പോൾ ഉദ്യോഗസ്ഥർക്കു ജീവിക്കാൻ ആവശ്യമായ ശന്പളം ലഭിക്കുന്നുണ്ടെങ്കിലും ചിലർക്കു പ്രത്യേകതരം ആർത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. കിട്ടുന്നതെല്ലാം പോരട്ടെ എന്നതാണ് അവരുടെ രീതി. കിട്ടുന്ന ശന്പളംകൊണ്ടു ജീവിക്കുന്ന നിലയുണ്ടാകണം. കരാറുകാർക്കു വഴിപ്പെട്ട ഉദ്യോഗസ്ഥരുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. പൊതുമരാമത്ത് എൻജിനിയർമാരുടെ കോണ്ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. റോഡ്, പാലം എന്നിവയുടെ നിർമാണജോലികൾ തുടങ്ങുന്നതിനു മുൻപു വിശദ പഠനറിപ്പോർട്ടും എസ്റ്റിമേറ്റ് തയാറാക്കലും അടക്കം ടെൻഡർ നടപടിക്കു മുൻപുള്ള ജോലികൾ പൂർത്തിയാക്കണം. നബാർഡ് അടക്കമുള്ള ഏജൻസികളിൽനിന്നു ഫണ്ട് ലഭിച്ചാലും വകുപ്പു തലത്തിൽ തയാറെടുപ്പു തുടങ്ങില്ല. ഇതു പദ്ധതികളുടെ നിർമാണത്തെ ബാധിക്കും. ജോലികൾ പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ല. നിർമാണത്തിലെ അപാകത, എസ്റ്റിമേറ്റ് തയാറാക്കുന്ന ആദ്യഘട്ടത്തിലെതന്നെ വീഴ്ച, നിർമാണസമയത്തെ മേൽനോട്ട അപാകത അഴിമതി എന്നിവയൊക്കെയാണു നിർമാണപ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നത്. കാര്യക്ഷമതയുള്ള വലിയ വിഭാഗം സാങ്കേതിക വിദഗ്ധരുള്ള വകുപ്പാണ് പൊതുമരാമത്ത്. എന്നാൽ, കാര്യക്ഷമത പ്രയോഗത്തിൽ വരുത്തുന്നതിൽ ചില കുറവുകൾ വന്നതിന്റെ ഭാഗമായി വളരെയധികം പഴികേൾക്കേണ്ടി വന്നിട്ടുണ്ട്. സ്ഥലംമാറ്റം, നിയമനം, പ്രമോഷൻ എന്നിവയ്ക്കു പണം നൽകേണ്ട കാലമുണ്ടായിരുന്നു. ഇപ്പോൾ ഇത്തരം അഴിമതികൾ ഇല്ല. ആത്മാഭിമാനം പണയംവയ്ക്കാതെ ജോലി ചെയ്യാനുള്ള അവസരമുണ്ട്. പാരന്പര്യ രീതിയുടെയും ശീലങ്ങളുടെയും പൊളിച്ചെഴുത്താണ് ഇനി ഉണ്ടാകേണ്ടേത്. കിഫ്ബി പണം കണ്ടെത്തുന്നതിനുള്ള സ്രോതസാണ്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. തീരദേശ- മലയോര ഹൈവേകൾ പ്രതീക്ഷയോടെയാണു സർക്കാർ കാണുന്നത്. 43 പദ്ധതികൾക്കാണു തുടക്കമാകുന്നത്. 1,770 കോടി രൂപയുടെ നിർമാണ ജോലികളാണു സർക്കാർ നടപ്പാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്ന പുതിയ സാങ്കേതിക വിദ്യകൾ ഇവിടെയും നടപ്പാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ അജിത് പാട്ടീൽ, കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർ വി.വി. ബിനു, ചീഫ് ആർക്കിടെക്ട് പി.എസ്. രാജീവ്, ചീഫ് എൻജിനിയർമാരായ കെ.പി. പ്രഭാകരൻ, എം.എൻ. ജീവരാജ് എന്നിവർ പ്രസംഗിച്ചു.