ഋഷിരാജ് സിംഗ് മദ്യലോബിയുടെ കാര്യസ്ഥൻ: സുധീരൻ

ഋഷിരാജ് സിംഗ് മദ്യലോബിയുടെ കാര്യസ്ഥൻ: സുധീരൻ ജനവഞ്ചനയുടെ പ്രതീകമായി മാറിയ സംസ്ഥാന സർക്കാരിന്റെ മദ്യനയം കേരളം കണ്ട ഏറ്റവും വലിയ സംഘടിത അഴിമതിയാണെന്നു മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. മദ്യമൊഴുക്കുന്ന സർക്കാർ നടപടിയിൽ പങ്കാളിയായി മദ്യലോബിയുടെ നടത്തിപ്പുകാരനും കാര്യസ്ഥനുമായാണ് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പ്രവർത്തിക്കുന്നതെന്നെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപം ബാറുകൾ തുറക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യലോബിയെ സഹായിക്കാനുള്ള കള്ളക്കണക്കിന്റെ മുഖ്യപ്രചാരകനായതോടെ ഋഷിരാജ്സിംഗ് നല്ല ഉദ്യോഗസ്ഥനാണെന്ന മുൻധാരണ തെറ്റാണെന്നു ജനങ്ങൾക്കു ബോധ്യമായി. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയായി മദ്യലോബിയുടെ പാരിതോഷികങ്ങൾക്കു പുതിയ മദ്യനയത്തിലൂടെ സഹായം ലഭ്യമാക്കുകയാണു സംസ്ഥാന സർക്കാർ ചെയ്യുന്നത്. മദ്യം കുടിക്കാനല്ല, മറിച്ചു കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനാണു വിദേശികൾ ഇവിടെയെത്തുന്നത്.